പുതുവല്‍സരാഘോഷം: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം

മട്ടാഞ്ചേരി: പുതുവല്‍സരാഘോഷവും കൊച്ചിന്‍ കാര്‍ണിവലും കണക്കിലെടുത്ത് പശ്ചിമകൊച്ചിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. ഗതാഗത നിയന്ത്രണത്തിനും തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യമായ ബാരിക്കേഡുകള്‍ സ്ഥാപിക്കും.
സുരക്ഷാ ഡ്രൈവര്‍മാരുടെ സംഘത്തെ ഒരുക്കി നിര്‍ത്തും. വാസ്‌ക്കോഡ ഗാമ സ്‌ക്വയര്‍, സൗത്ത് ബീച്ച്, കണ്‍ട്രോല്‍ റൂം എന്നിവടങ്ങളില്‍ മൊബൈല്‍ അഡ്രസ്സിങ് സിസ്റ്റം ഒരുക്കും. തിരക്ക് ഒഴിവാക്കുവാനും പപ്പയെ കത്തിക്കുന്നത് എല്ലാവര്‍ക്കും കാണുന്നതിനായി ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവി സ്‌ക്രീനുകള്‍ സ്ഥാപിക്കും. വലിയ വാഹനങ്ങള്‍ 31 ന് വൈകീട്ട് എട്ട് മുതല്‍ തോപ്പുംപടി പ്യാരി ജങ്ഷനില്‍ പോലിസ് തടയും. തോപ്പുംപടി പഴയ പാലത്തിലൂടെ ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള പ്രവേശനം അന്നേ ദിവസം വൈകീട്ട് ഏഴരയോടെ തടയും.
പുറത്തേക്ക് മാത്രമുള്ള വാഹനങ്ങള്‍ കടത്തി വിടും. അതിര്‍ത്തി ചെക്കിങ് സാധാരണ പോലെ നടക്കും. അനധികൃത മദ്യവില്‍പ്പന തടയുവാന്‍ എക്‌സൈസിനെ നിയോഗിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികളെടുക്കും. ഫോര്‍ട്ട്‌കൊച്ചി മേഖലയിലെ എല്ലാ ബിവറേജസ് ഷോപ്പുകളും 31 ന് ഏഴോടെ അടച്ച് പൂട്ടാന്‍ നടപടി സ്വീകരിക്കും. ബാറുകളും ബിയര്‍ പാര്‍ലറുകളും രാത്രി ഒമ്പതോടെ പൂട്ടും. അനധികൃത കടകളില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ നീക്കം ചെയ്യാന്‍ ഫയര്‍ ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രധാനപ്പെട്ട മൂന്നിടങ്ങളില്‍ ഫയര്‍ എഞ്ചിന്‍ സജ്ജീകരിക്കും. വാസ്‌ക്കോഡ ഗാമ സ്‌ക്വയര്‍, മിഡില്‍ ബീച്ച്, വെളി മൈതാനത്തിന് സമീപം എന്നിവടങ്ങളിലാണ് ഫയര്‍ എഞ്ചിന്‍ സജ്ജമാക്കുക. ഒരു സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംഘം കണ്‍ട്രോല്‍ റൂമിലുണ്ടാകും. നാല് ആംബുലന്‍സുകള്‍ സജ്ജീകരിക്കും.
സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സും ഒരുക്കി നിര്‍ത്തും. ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ ഒരുക്കി നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍ണിവല്‍ റാലി തുടങ്ങുന്നിടത്തും പരേഡ് മൈതാനത്തും ഓരോ ആംബുലന്‍സ് മെഡിക്കല്‍ സംഘം ഉള്‍പ്പെടെ സജ്ജമാക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരു അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ കണ്‍ട്രോല്‍ റൂമില്‍ ചുമതലപ്പെടുത്തും. കണ്‍ട്രോല്‍ റൂമില്‍ മുഴുവന്‍ സമയവും ഹാം റേഡിയോ സജ്ജീകരിക്കും.
31, 1 തിയ്യതികളില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ റൂട്ടില്‍ മൂന്ന് ബോട്ട് സര്‍വീസ് നടത്താന്‍ നടപടി വേണമെന്ന് നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ വെളിച്ചം ഉറപ്പാക്കാന്‍ നഗരസഭയുടെ അധികാര പരിധിയിലുള്ള എല്ലാ വഴി വിളക്കുകളും പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സബ് കലക്ടര്‍ ഇമ്പശേഖര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top