പുതുവല്‍സരാഘോഷം; പോലിസിനു നേരെ അക്രമം

താമരശ്ശേരി: പുതുവല്‍സരാഘോഷം പോലിസിനുനേരെയുളള അക്രമത്തില്‍ കലാശിച്ചു. എളേറ്റില്‍ വട്ടോളിയില്‍ പുതുവല്‍സര ആഘോഷത്തിനിടെയാണ് ഒരു സംഘം യുവാക്കള്‍ പോലിസിനെ കയ്യേറ്റം ചെയ്തത്.
പോലിസിനെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കിഴക്കോത്ത് കായല്‍ മൂലക്ക ല്‍ രാജേഷ്, എളേറ്റില്‍ പുതിയോട്ടില്‍ ബിജു എന്നിവരെയാണ് കൊടുവള്ളി പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ എളേറ്റില്‍ വട്ടോളി അങ്ങാടിയിലാണ് ഒരു സംഘം പോലിസിനെ അക്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്.  കൊടുവള്ളി സ്റ്റേഷനിലെ ജുനിയര്‍ എസ്‌ഐ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പട്രോളിങ് നടത്തുന്നതിനിടയിലായിരുന്നു അക്രമം. എളേറ്റില്‍ വട്ടോളി അങ്ങാടിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയില്‍പെട്ട പോലിസ് കാര്യം അന്വേഷിക്കാനായി ഇവിടെയെത്തി.
ഇതോടെ സംഘത്തിലെ ഏതാനും പേര്‍ അസഭ്യ വര്‍ഷവുമായി പോലിസിന് നേരെ തിരിഞ്ഞു.
ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം എ ന്നും പറഞ്ഞ് പോലിസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ജൂനിയര്‍ എസ്‌ഐയുടെ യൂനിഫോം കീറുകയും കഴുത്തിന് ഉള്‍പ്പെടെ പരിക്കേല്‍ക്കുക യും ചെയ്തു.  താമരശ്ശേരി കോടതി പ്രതികളെ  റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top