പുതുവല്‍സരത്തലേന്ന് കേരളം കുടിച്ചത് 61.74 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവല്‍സരത്തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. 61.74 കോടിയുടെ മദ്യമാണ് കേരളം 31ന് കുടിച്ചുതീര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഇത് 52.35 കോടിയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ എട്ടരക്കോടിയിലധികം രൂപയുടെ മദ്യമാണ് അധികമായി വിറ്റുപോയത്. 2017 ഡിസംബര്‍ അവസാനത്തെ 10 ദിവസം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 78 കോടി രൂപയുടെ അധിക മദ്യം വിറ്റു. ഈ വര്‍ഷം ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ്-പുതുവല്‍സരാഘോഷവേളകളില്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 480.14 കോടി രൂപയുടെ വിദേശമദ്യമാണ്. 2016ല്‍ ക്രിസ്മസ്-പുതുവല്‍സര വില്‍പന 402.35 കോടിയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കണ്ണൂര്‍ ഔട്ട്‌ലെറ്റ് വഴിയാണ്. ഇത്തവണ ക്രിസ്മസ് കാലത്തുമാത്രം മലയാളികള്‍ 313.63 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ക്രിസ്മസിനു മുമ്പുള്ള മൂന്നുദിവസത്തെ കണക്കാണിത്. ഡിസംബര്‍ 24നു മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്‌കോ വഴി വിറ്റുപോയിരുന്നു.

RELATED STORIES

Share it
Top