പുതുപ്പാറ എസ്‌റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

രാജകുമാരി: പൂപ്പാറയ്ക്കു സമീപം മൂലത്തറയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഏലത്തോട്ടം വാച്ചര്‍ കൊല്ലപ്പെട്ടു. പുതുപ്പാറ എസ്‌റ്റേറ്റ് വാച്ചര്‍ എ മുത്തു (മുത്തയ്യ-65) ആണു ചില്ലിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. മുത്തയ്യയും സഹപ്രവര്‍ത്തകന്‍ പരമശിവനും ആന ഇറങ്ങിയിട്ടുണ്ടോ എന്നറിയാന്‍ തോട്ടത്തില്‍ പോയ സമയത്ത് ഒറ്റയാന്റെ മുന്നില്‍ ചെന്നുപെടുകയായിരുന്നു.
അപകടം തിരിച്ചറിഞ്ഞ് ഇരുവരും ഓടിമാറാന്‍ ശ്രമിച്ചെങ്കിലും ചില്ലിക്കൊമ്പന്‍ മുത്തയ്യയെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി നിലത്തിട്ടു ചവിട്ടി. രക്ഷപ്പെട്ട പരമശിവന്‍ എസ്‌റ്റേറ്റിലെ മറ്റു ജോലിക്കാരെയും കൂട്ടി സ്ഥലത്തെത്തി ആനയെ ഓടിച്ചെങ്കിലും മുത്തയ്യ മരിച്ചിരുന്നു. ശാന്തന്‍പാറ പോലിസും വനപാലകരും എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ പരേതയായ മാരിയമ്മ. മക്കള്‍: ബേബി, വള്ളി.

RELATED STORIES

Share it
Top