പുതുപ്പാടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

താമരശ്ശേരി: എഴുന്നൂറോളം  വിദ്യാര്‍ഥികളുടെയും 75 ഓളം അധ്യാപകരുടെയും കുടിവെള്ളം മുട്ടിയിട്ടു മാസങ്ങള്‍ അഞ്ച് കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. പുതുപ്പാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപക ജീവനക്കാര്‍ക്കുമാണ് നിലവിലെ കിണര്‍ ഇടിഞ്ഞു തൂര്‍ന്നതിനാല്‍ കുടിവെള്ളം കിട്ടാക്കനിയായത്. കഴിഞ്ഞ ജൂലൈയില്‍ 12 മീറ്റര്‍ താഴ്ച്ചയുള്ള കിണറിടിഞ്ഞു വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഈ സ്‌കൂളില്‍ കുടിവെള്ളം മുടങ്ങി. ഇതിനു പുറമെ ശുചിമുറി ഉപയോഗിക്കാനും സാധിക്കാതായി. സമീപത്തെ വീടുകളെ ആശ്രയിക്കുകമാത്രമായിരുന്നു പോംവഴി. എന്നാല്‍ നൂറുക്കണക്കിനു വിദ്യാര്‍ഥികളെ ഉള്‍കൊള്ളാന്‍ സമീപ വീട്ടുകാര്‍ക്കു പ്രയാസം അനുഭവിക്കേണ്ടിവന്നു.തൊട്ടടുത്ത കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയില്‍ നിന്നു താല്‍കാലിക സംവിധാനമൊരുക്കിയെങ്കിലും അതും ഫലവത്തായില്ല. ഏറെയും ബുദ്ധിമുട്ടിലാവുന്നത് പെണ്‍കുട്ടികളും വനിത ജീവനക്കാരുമാണ്. പലരും ശുചിമുറിയില്‍ പോവുന്നത് നിര്‍ത്തേണ്ട അവസ്ഥയിലാണ്. ജില്ല പഞ്ചായത്ത് പദ്ധതിയില്‍ നിന്നും കിണര്‍ പുനരുദ്ധാരണത്തിനു ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ആരോപിക്കുന്നു. കിണര്‍ തകര്‍ന്നു  കുടിവെള്ളം മുടങ്ങിയ കാര്യങ്ങള്‍ ജില്ല കലക്ടറടക്കമുള്ളവരെ അറിയിച്ചതായി പിടിഎ പറയുന്നു.എന്നാല്‍ പ്രശ്‌ന പരിഹാരം ഇപ്പോഴും അകലെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികളും രക്ഷിതാക്കളും  കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top