പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും

താമരശ്ശേരി: പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍. മട്ടിമല വനത്തിനുള്ളില്‍ ശക്തമായ മഴ പെയ്തതാണ് ഉരുള്‍പൊട്ടലിനു കാരണമായതെന്ന് സംശയിക്കുന്നു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.
കണ്ണപ്പന്‍ കുണ്ടിലും പരിസരപ്രദേശങ്ങളിലും മഴപെയ്യാതെ വലവെള്ളം കുത്തിലയൊലിച്ചത് നാട്ടുകാരില്‍ ഭീതി പടര്‍ത്തി. തോടുകളിലും സമീപ പറമ്പുകളിലും ഉണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെ കുത്തിയൊലിച്ചു വന്ന വെള്ളം കരകവിഞ്ഞൊഴുകാതെ തോടുകളിലൂടെ തന്നെ ഒഴുകിയത് നാശ നഷ്ടം സംഭവിക്കുന്നത് ഒഴിവായി. സംഭവമറിഞ്ഞു രവന്യു, പോലിസ് അധികൃതര്‍ കണ്ണപ്പന്‍ കുണ്ടിലെത്തിയിരുന്നു.
വീണ്ടും മലവെള്ളപ്പാച്ചില്‍ ഉണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ ആഗസ്ത് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. രണ്ട് പാലങ്ങളില്‍ മണ്ണും മരവും കുടുങ്ങി പുഴ ഗതി മാറി ഒഴുകിയതായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. മലവെള്ഫ്പാച്ചില്‍ കാണാനെത്തിയ മട്ടിക്കുന്ന് പരപ്പന്‍പാറ മാധവിയുടെ ഏക മകന്‍ റിജുമോന്‍ എന്ന റിജിത്ത്(24)ഒഴുക്കില്‍പെട്ടു മരിച്ചിരുന്നു.
പുഴ ഗതിമാറാന്‍ കാരണമായ വിസിബികള്‍ ഇതിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ പൊളിച്ചു നീക്കിയിരുന്നു. ഇത് ഇന്നലെ ഉണ്ടായ മലവെള്ളപ്പാച്ചിലിന്റെ ശക്തികുറക്കാന്‍ കാരണമായതായി പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ തവണ ഉരുള്‍ പൊട്ടിയതിനു സമീപം തന്നെയാണ് ഇപ്പോഴും ഉരുള്‍ പൊട്ടിയതെന്ന് സംശയിക്കുന്നു. മണ്ണും പാറയും ഇളകി കിടക്കുന്നതിനിടയിലേക്ക് ശക്തമ ായ മഴ പെയ്തതാവാം ഇവപൊട്ടി മലവെള്ളപ്പാച്ചിലായി മാറിയതെന്നും സംശയിക്കുന്നു.
പ്രദേശത്ത് നിന്നും പലവീട്ടുകാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. കഴിഞ്ഞ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത് കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന് പ്രദേശങ്ങളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.

RELATED STORIES

Share it
Top