പുതുപ്പാടിയില്‍ 3000ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

താമരശ്ശേരി: കോഴിക്കോട് സബ് കോടതി ഇഞ്ചങ്ഷന്‍ ഉത്തരവിലൂടെ പുതുപ്പാടിയിലെ ഒമ്പത് സര്‍വേ നമ്പരുകളിലുള്ള ഭൂമികളിലെ ക്രയവിക്രയം തടഞ്ഞത് മൂവായിരത്തോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയതായി പുതുപ്പാടി മേഖലാ കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഈങ്ങാപ്പുഴ, പുതുപ്പാടി വില്ലേജുകളില്‍ 18, 19, 20, 21 വാര്‍ഡുകളിലായി ഒമ്പത് സര്‍വേ നമ്പരിലുള്ള കൈവശക്കാര്‍ക്ക് ഭൂനികുതി, കൈവശ സര്‍ട്ടിഫിക്കറ്റുകള്‍ , ക്രയവിക്രയങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇതുമൂലം തടസ്സപ്പെട്ടിരിക്കുന്നത്. ജനമിത്രം കുടുംബക്ഷേമ നീതിവേദി എന്ന സംഘടനയുടെ കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
പതിറ്റാണ്ടുകളായി പ്രദേശത്ത് ഭൂമി വിലകൊടുത്തുവാങ്ങി താമസിക്കുന്ന അഞ്ചു സെന്റ് മുതലുള്ള ചെറുകിട കര്‍ഷകരും സാധാരണക്കാരും ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലാണ്.
വിവാഹ ആവശ്യങ്ങള്‍ക്കോ, ചികിത്സക്കോ ഭൂമി വില്‍ക്കുവാനോ ബാങ്കില്‍ പണയപ്പെടുത്തുവാനോ കഴിയാത്ത അവസ്ഥയാണുള്ളത്. പതിറ്റാണ്ടുകളായി ഭൂനികുതി അടച്ച് രേഖകള്‍ കൈവശം വെച്ചുവരുന്ന കുടുംബങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സമീപിച്ചപ്പോഴാണ് കോടതി വിധി പ്രകാരം ഭൂമിയുടെ ക്രയവിക്രയങ്ങള്‍ തടസപ്പെട്ട വിവരം അറിയുന്നത്.
പ്രശ്—നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അനാവശ്യ വ്യവഹാരം നടത്തി സാധാരണക്കാരെ ദുരിതത്തിലാക്കുന്ന പ്രവൃത്തിയില്‍ നിന്ന് കേസുനല്‍കിയവര്‍ പിന്‍മാറണമെന്നും കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ആവശ്യമായ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സമിതി അറിയിച്ചു.

RELATED STORIES

Share it
Top