പുതുതലമുറ മറവി രോഗത്തിന്റെ പിടിയില്‍: കല്‍പറ്റ നാരായണന്‍

വടകര: ശാസ്ത്ര കണ്ടുപിടുത്തങ്ങളിലൂടെ നിത്യ ജീവതം സുഗമമാവുമ്പോള്‍ മനുഷ്യന് മറവിരോഗം വര്‍ധിക്കുകയാണെന്ന് സാഹിത്യകാരനും നിരൂപകനുമായ കല്‍പറ്റ നാരായണന്‍. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ശേഖരിച്ചു വച്ച വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു പോവുന്നു. വിവരങ്ങള്‍ ശേഖരിച്ചു വെക്കാനുള്ള ഉപകരണങ്ങളുടെ കണ്ടു പിടുത്തത്തിലൂടെ മനുഷ്യന്‍ തലച്ചോര്‍ ഉപയോഗിക്കുന്നത് വളരെ കുറഞ്ഞതായും കല്‍പറ്റ നാരായണന്‍ പറഞ്ഞു.
മയ്യന്നൂരില്‍ വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മയ്യന്നൂര്‍ മഠത്തില്‍ തറവാട്ടു മുറ്റത്ത് സംഘടിപ്പിച്ച കാരണവര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവ് സമ്പാദനം താല്‍കാലിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രമായി പോവുന്നു. പഠനം പരീക്ഷയ്ക്ക് മാര്‍ക്ക് നേടാന്‍ മാത്രമാവുകയും വിദ്യാര്‍ഥി കേവലം പരീക്ഷാര്‍ഥിയായി ചുരുങ്ങുകയുമാണ്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ കവിതകള്‍ യൂനിവേഴ്‌സിറ്റികളില്‍ പ ഠിപ്പിക്കരുതെന്ന് പറഞ്ഞത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. എംജെ ഖത്തര്‍ ചാപ്റ്റര്‍ വര്‍ക്കിങ് പ്രസിഡന്റ് യൂസുഫ് മലയില്‍, എംസി വടകര, ബികെ തെരുവോത്ത്, ആര്‍ യൂസുഫ് ഹാജി, ഫെബിന സാലിം, ഇബ്രാഹിം പുത്തലത്ത്, തയ്യില്‍ കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു വരയാലില്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന കാരണവര്‍ സംഗമത്തില്‍ പഴയ തലമുറയില്‍ പെട്ടവര്‍ ഓര്‍മകള്‍ പങ്കുവച്ചു. പഴയതലമുറയിലെ നൂറോളം പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. വില്യാപ്പള്ളി പഞ്ചായത്തിന്റെ ചരിത്രവും പാരമ്പര്യവും ഉള്‍പ്പെടുത്തി വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഖത്തര്‍ ചാപ്റ്റര്‍ ‘താളിയോല ഒരു വില്യാപ്പള്ളി വൃത്താന്തം’ എന്ന പേരിലുള്ള ഗ്രന്ഥ രചനയുടെ വിവര ശേഖരണത്തിന്റെ ഭാഗമായാണ് കാരണവര്‍ സംഗമം സംഘടിപ്പിച്ചത്.

RELATED STORIES

Share it
Top