പുതുച്ചേരി രജിസ്‌ട്രേഷനില്‍ ജില്ലയിലെ 80 വാഹനങ്ങള്‍

കാസര്‍കോട്: നികുതി വെട്ടിക്കാനായി വ്യാജവിലാസം നല്‍കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിടികൂടാന്‍ ശക്തമായ നടപടികളുമായി അധികൃതര്‍. കാസര്‍കോട് ജില്ലയില്‍ 80 പേര്‍ക്കാണ് പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ ഉള്ളത്. ഭൂരിഭാഗം കാറുകളും 20 ലക്ഷത്തിനും ഒരുകോടിക്കും ഇടയിലുള്ളതാണ്. ഉടമകള്‍ പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നവരാണ്.
വാഹനത്തിന്റെ ആകെ വിലയുടെ 20 ശതമാനം നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. കേരളത്തില്‍ ഈ വാഹനങ്ങള്‍ നിയമവിധേയമായി ഓടിക്കണമെങ്കില്‍ 15 ദിവസത്തിനകം നികുതി അടയ്ക്കണമെന്നും അല്ലെങ്കില്‍ യാതൊരു അറിയിപ്പും കൂടാതെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കാണിച്ച് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ വെറും അഞ്ചുപേര്‍ മാത്രമാണ് നികുതി അടച്ചത്. ഇതില്‍ നാലുപേര്‍ പുതുച്ചേരിയില്‍ നിന്നും എന്‍ഒസി വാങ്ങി രജിസ്‌ട്രേഷന്‍ കേരളത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള 75 വാഹനങ്ങള്‍ കാമറയുടെ നിരീക്ഷണവലയത്തിലാണ്. ഏപ്രില്‍ 30 കഴിഞ്ഞാല്‍ ഈ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ബജറ്റില്‍ ഈ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതി പത്തുവര്‍ഷമാക്കി ചുരുക്കി ഇളവുനല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇതിനിയും ഉത്തരവായി എത്തിയിട്ടില്ല. ഈ ഉത്തരവിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. നിയമവിധേയമല്ലാതെ നികുതി വെട്ടിച്ച് ഓടുന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ കാറുകള്‍ അപകടങ്ങളിലും മറ്റുമായി കേസുകളില്‍ കുടുങ്ങിയാല്‍ നിയമത്തിന്റെ യാതൊരു പരിഗണനയും ലഭിക്കില്ലെന്ന് ആര്‍ടിഒ ബാബു ജോണ്‍ പറഞ്ഞു.

RELATED STORIES

Share it
Top