പുതുച്ചേരി: മൂന്ന് ബിജെപി എംഎല്‍എമാര്‍ക്ക് വീണ്ടും സ്പീക്കറുടെ വിലക്ക്

പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദി നാമനിര്‍ദേശം ചെയ്ത മൂന്ന് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ പ്രവേശിക്കുന്നത് സ്പീക്കര്‍ വീണ്ടും തടഞ്ഞു. എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്ത ലഫ്. ഗവര്‍ണറുടെ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് സഭയിലെത്തിയ വി സ്വാമിനാഥന്‍, കെ ജി ശങ്കര്‍, വി സെല്‍വഗണപതി എന്നിവര്‍ക്കാണ് സ്പീക്കര്‍ വൈദ്യലിംഗം പ്രവേശനാനുമതി നിഷേധിച്ചത്. നിയമസഭാ കവാടത്തില്‍ മൂവരെയും ഫീല്‍ഡ് മാര്‍ഷല്‍മാര്‍ തടഞ്ഞതോടെ ഇവര്‍ സഭയ്ക്കു പുറത്ത് പ്രതിഷേധിച്ചു. കഴിഞ്ഞവര്‍ഷമാണ് ഇവരെ  കിരണ്‍ബേദി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍, ലഫ്. ഗവര്‍ണറുടെ നടപടിക്ക് സര്‍ക്കാര്‍ അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി 2017 നവംബര്‍ 12ന് മൂവെരയും സ്പീക്കര്‍ തടയുകയായിരുന്നു. അതേസമയം, എംഎല്‍എമാരെ തടഞ്ഞ സ്പീക്കറുടെ നടപടി കോടതി ഉത്തരവിന്റെ തികഞ്ഞ ലംഘനമാണെന്ന് ലഫ്. ഗവര്‍ണര്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയോട് റിപോര്‍ട്ട് ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
എംഎല്‍എമാരുടെ നാമനിര്‍ദേശം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ വൈദ്യലിംഗം നേരത്തേ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. കഴിഞ്ഞ 22നാണ് നാമനിര്‍ദേശം ശരിവച്ച് കോടതി ഉത്തരവിട്ടത്. 2017 ജൂലൈ നാലിന് ഗവര്‍ണറുടെ ഓഫിസില്‍ വച്ചായിരുന്നു എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. നാമനിര്‍ദേശത്തിനെതിരേ കോണ്‍ഗ്രസ്, ഡിഎംകെ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാമനിര്‍ദേശം ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി കെ ലക്ഷ്മിനാരായണനാണ് കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top