പുതുച്ചേരിയിലെ ഭരണപ്രതിസന്ധി പരിഹരിക്കണം: ജനശബ്ദം

മാഹി:  ലഫ്. ഗവര്‍ണറും മന്ത്രിസഭയും തമ്മിലുള്ള തുറന്ന പോര് പുതുച്ചേരിയെ ഭരണസ്തംഭനത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും ഈ സാഹചര്യം മുതലെടുത്ത് ഉദ്യോഗസ്ഥതലത്തില്‍ അഴിമതിയും ധൂര്‍ത്തും വ്യാപകമായതായും ജനശബ്ദം മാഹി ഭാരവാഹിക ള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
രാജ്യത്ത് മറ്റൊരിടത്തും കാണാനാവാത്ത വിധം പുതുച്ചേരിയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. ഇതുമൂലം കോടികളുടെ കേന്ദ്രവിഹിതം നഷ്ടമായി. പ്രാദേശിക വികസനം തടയപ്പെടുകയും ചെയ്തു.
മാഹിക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം കൊണ്ടുവരാനായില്ല. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില സ്റ്റോറുകളെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണ്. പൊതുമരാമത്ത്, ടൗണ്‍ പ്ലാനിങ്, ആര്‍ടി ഓഫിസുകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറി. ക്രമസമാധാന നിലയും തകര്‍ന്നു. സംസ്ഥാനത്തിന് വെളിയിലെ ക്രിമിനല്‍ സംഘങ്ങളുടെ സുരക്ഷിത താവളമായി മാഹി മാറി. സേനയിലെ ചിലര്‍ക്ക് ഇത്തരം സംഘങ്ങളുമായി ഉറ്റബന്ധമാണുള്ളത്. പോലിസ് സേനയെ അടിമുടി പൊളിച്ചെഴുതണം. ഐപിഎസുകാരെ എസ്പി.യായി നിയമിക്കണം. ഇതുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്തും. ലഫ്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികള്‍ക്കും ഭീമഹരജി നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ചാലക്കര പുരുഷു, സെക്രട്ടറി ടി എം സുധാകരന്‍, വൈസ് പ്രസിഡന്റ് ഇ കെ റഫീഖ്, ടി എ ലത്തീഫ്, കെ വി ജയകുമാര്‍, സി എം സുരേഷ് സംബന്ധിച്ചു.

RELATED STORIES

Share it
Top