പുതുക്കാട് സെന്ററിലെ മേല്‍പ്പാല നിര്‍മാണം വേഗത്തിലാക്കുമെന്ന് ദേശീയപാതാ അതോറിറ്റി

പുതുക്കാട്: പുതുക്കാട് സെന്ററിലെ മേല്‍പ്പാല നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് ദേശീയപാത അതോറിറ്റി. എസ്റ്റിമേറ്റ് പുനര്‍ നിര്‍ണയവും ഭൂമി ഏറ്റെടുക്കുന്ന നടപടികളും പുരോഗമിക്കുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായ പുതുക്കാട് സെന്ററില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുകയാണ്.
അറുനൂറ് മീറ്ററിലേറെ നീളത്തില്‍ മണ്ണിട്ട് നികത്തിയാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിനു താഴെ 66 അടി വീതിയില്‍ കാഞ്ഞൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡുകളെ ബന്ധിപ്പിക്കുന്ന അടിപ്പാതയുമുണ്ട്. 12 അടി ഉയരത്തില്‍ രണ്ട് വശത്തെ തൂണുകളിലായിട്ടായിരിക്കും മേല്‍പ്പാലം വരുന്നത്. കൊടകര, ചാലക്കുടി മേല്‍പ്പാലം മോഡല്‍ പുതുക്കാട് സെന്ററിലും നിര്‍മ്മിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ചിലവ് കുറഞ്ഞ രീതിയിലുള്ള പാലത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ദേശീയപാത അതോറിറ്റിക്ക് വേണ്ടി നിര്‍മ്മാണ കമ്പനിയായ കെഎംസിയാണ് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. 2014ല്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പുനര്‍നിര്‍ണയിച്ച് അടുത്തയാഴ്ച ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കും. ഇതിനിടെ മേല്‍പ്പാലത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. 36 സെന്റ് ഭൂമിയാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനായി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കാനുള്ളത്. അളന്നു തിട്ടപ്പെടുത്തിയിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിന്റെ ഭാഗമായി ഭൂവുടമകളുമായുള്ള കൂടിക്കാഴ്ച അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.
മേല്‍പ്പാല നിര്‍മ്മാണം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ പുതുക്കാട് മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മേല്‍പ്പാല നിര്‍മ്മാണത്തിന് വേഗമേറിയത്. അപകടത്തില്‍പ്പെട്ട് നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ പുതുക്കാട് സെന്ററില്‍ മേ ല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങളും സമരങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റി അനുകൂല തീരുമാനവുമായി എത്തിയത്.
പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റ് മുതല്‍ മുപ്ലിയം റോഡ് വരെയാണ് നിലവില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി സ്റ്റാന്റിന് മുന്‍പില്‍ നിന്ന് ആരംഭിച്ച് പോലിസ് സ്‌റ്റേഷന് സമീപം അവസാനിക്കുന്ന തരത്തില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top