പുതിയ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ ആരംഭിക്കില്ല: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ പുതിയ എന്‍ജിനീയറിങ് കോളജുകള്‍ ആരംഭിക്കില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ഓരോ വര്‍ഷവും ഇരുപതിനായിരത്തോളം എന്‍ജിനീയറിങ്  സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നത് പരിഗണനയിലില്ല. യുജിസി അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അധ്യാപകരെ മാറ്റി നിര്‍ത്തികൊണ്ടുള്ള പഠനപ്രക്രിയ വിദ്യാഭ്യാസ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുന്നത് വിദൂര വിദ്യാഭ്യാസ മേഖലയെ ബാധിക്കുമോ എന്നത് സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.  സര്‍വകലാശാലകളുടെ ഭരണ നിര്‍വഹണവും അക്കാദമിക് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളെ ബന്ധിപ്പിച്ച് ഇ ഗവേണന്‍സ് പദ്ധതി നടപ്പാക്കും. സര്‍വകലാശാല കോഴ്‌സുകള്‍, അവയുടെ അംഗീകാരം, തൊഴില്‍ സാധ്യത, ഗവേഷണ സാധ്യത എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഡോക്യുമെന്റ് പ്രസിദ്ധീകരിക്കും. എല്ലാ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലും ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ മുഴുവന്‍ എയ്ഡഡ് സ്്്കൂളുകളിലെയും അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനാംഗീകാരം അടക്കമുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നു മന്ത്രി  അറിയിച്ചു. നിയമനാംഗീകാരത്തിനുള്ള അപേക്ഷ സ്‌കൂള്‍ മാനേജര്‍മാരില്‍ നിന്ന് ഓണ്‍ലൈനായി സ്വീകരിക്കും. ഓണ്‍ലൈന്‍ വഴി തന്നെ നിയമനാംഗീകാരം നല്‍കുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇതിനായി കെഇആര്‍ ചട്ട ഭേദഗതി വരുത്തും. നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പു കല്‍പിക്കാന്‍ വിദ്യാഭ്യാസ ഓഫിസുകളില്‍ കാലതാമസം നേരിടുന്നുവെന്ന ആരോപണം ശരിയാണെന്നും മന്ത്രി പറഞ്ഞു. ജൂണ്‍മാസത്തോടെ സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലാവുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top