പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കും: മന്ത്രി

കൊച്ചി: വ്യവസായ മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിച്ച യന്ത്രപ്രദര്‍ശന മേളയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വ്യവസായികളുമായി ചര്‍ച്ച ചെയ്ത് കരട് വ്യവസായ നയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്‍മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം സര്‍ക്കാര്‍ വ്യവസായ നയം പ്രഖ്യാപിക്കും. നയത്തിന്റെ ഭാഗമായി പുതിയ തൊഴിലവസരം സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ക്കും ഇഎസ്‌ഐയുടെയും ഇപിഎഫിന്റെയും നിശ്ചിത വിഹിതം അടുത്ത മൂന്നുവര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും. വ്യവസായങ്ങള്‍ക്കു കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നാനോ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികളും വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. വീടിനുള്ളിലോ വീടിനോടു ചേര്‍ന്നോ ആരംഭിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്കുള്ള പലിശയുടെ ആറു ശതമാനം വ്യവസായവകുപ്പ് നല്‍കും. ഇത് വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടത്തുന്നത്. സാങ്കേതികവിദ്യയും വായ്പയും ലഭ്യമായാലും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ലൈസന്‍സ് ലഭിക്കുന്നതടക്കം നിരവധി പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ആക്റ്റ് 2017 എന്ന പേരില്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പരമാവധി 30 ദിവസത്തിനുള്ളില്‍ വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സ് ലഭ്യമാക്കും. എംഎസ്എംഇ മേഖലയില്‍ പൂര്‍ണവിവര ശേഖരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത് കേരളത്തിലാണ്. വ്യവസായസംരംഭങ്ങളെക്കുറിച്ചും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായം നല്‍കുന്ന സംവിധാനങ്ങളെക്കുറിച്ചുമുള്ള പൂര്‍ണ വിവരങ്ങള്‍ വ്യവസായ ജാലകം പോര്‍ട്ടല്‍ വഴി ലഭ്യമാണ്. എല്ലാ ജില്ലകളിലെയും വ്യവസായ സാധ്യതകളെക്കുറിച്ചുള്ള വിവരശേഖരണവും പൂര്‍ത്തീകരിച്ചു. ഇത് വ്യവസായ സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനകരമാവും.  വ്യവസായ സംരംഭങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.

RELATED STORIES

Share it
Top