പുതിയ റേഷന്‍ കാര്‍ഡ്: സര്‍ക്കാര്‍ ഓഫിസുകളില്‍ അപേക്ഷകരുടെ തിരക്ക്

കണ്ണൂര്‍: പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതോടെ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫിസുകളിലും റേഷനിങ് ഓഫിസുകളിലും ഉപഭോക്താക്കളുടെ തിരക്കേറി.
നാലുവര്‍ഷത്തോളമായി പുതിയ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ വരുംദിവസങ്ങളിലും അപേക്ഷകരുടെ ബാഹുല്യം ഉണ്ടാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തിരക്കൊഴിവാക്കാന്‍ ഗ്രാമപ്പഞ്ചായത്ത്-നഗരസഭാ തലങ്ങളില്‍ പ്രത്യേക കൗണ്ടറുകളും ഹെല്‍പ് ഡസ്‌കുകളും ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പായപ്പോള്‍ 2015ല്‍ നിലവിലുള്ള കാര്‍ഡ് ഉടമകളില്‍നിന്ന് പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചിരുന്നു. ഈ കാര്‍ഡുകളില്‍ അതിനു ശേഷമുള്ള മരണവും ജനനവും സ്ഥലംമാറ്റവും ഒന്നും ചേര്‍ത്തിട്ടില്ല. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന കാര്‍ഡ് പുതുക്കലിനു കയറിയിറങ്ങുകയാണ് വലിയൊരു പങ്ക് ഉപഭോക്താക്കളും. ജില്ലയില്‍ ഇന്നലെ മാത്രം 750ഓളം അപേക്ഷകള്‍ ലഭിച്ചതായി ജില്ലാ സിവില്‍ സപ്ലൈ ഓഫിസര്‍ പി വി രമേശന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോയെടുത്ത് കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍, കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ആര്‍സിഎംഎസ് മരവിപ്പിച്ചതിനാല്‍ പുതിയ കാര്‍ഡിനു പകരം താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍, ഇതുവരെ കാര്‍ഡ് സ്വന്തമായി ലഭിക്കാത്തവര്‍, കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുക, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുക, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുക, ഡ്യൂപ്ലിക്കേറ്റ് ലഭിക്കുക, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക, റേഷന്‍ കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക എന്നീ ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത്. എല്ലാത്തരം അപേക്ഷാ ഫോറങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫോറങ്ങള്‍ക്ക് നമ്പര്‍ ഇല്ലാത്തതിനാല്‍ ഫോട്ടോ പകര്‍പ്പും ഉപയോഗപ്പെടുത്താം.

RELATED STORIES

Share it
Top