പുതിയ ബസ്സുകള്‍ വാങ്ങുന്നതില്‍ കെഎസ്ആര്‍ടിസിക്ക് മെല്ലെപ്പോക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയുണ്ടായിട്ടും പുതിയ ബസ്സുകള്‍ വാങ്ങുന്നതില്‍ കെഎസ്ആര്‍ടിസിക്ക് മെല്ലെപ്പോക്ക് നയം. അവസാനമായി 16 പുതിയ ബസ്സുകളാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കിയത്. 900 ബസ്സുകള്‍ വാങ്ങാനുള്ള ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇതിന്റെ ടെന്‍ഡര്‍ നടപടി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇത്രയും ബസ്സുകള്‍ക്കുള്ള പണം കിഫ്ബി വഴിയാണ് സര്‍ക്കാര്‍ നല്‍കുക. എന്നാല്‍,  ബാങ്ക് കണ്‍സോര്‍ഷ്യം വായ്പാ നടപടികള്‍ പൂര്‍ത്തിയായ ശേഷം ബസ് വാങ്ങുന്ന കാര്യത്തിലേക്ക് കടക്കാമെന്ന വിശദീകരണമാണ് നേരത്തെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കിയിരുന്നത്. എന്നാല്‍, ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള ദിര്‍ഘകാല വായ്പ ഒരു മാസം മുമ്പു തന്നെ യാഥാര്‍ഥ്യമായിരുന്നു. പുതിയ ബസ്സുകള്‍ വാങ്ങുന്ന കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാട്.
കെഎസ്ആര്‍ടിസി മേധാവിക്ക് സ്ഥാന ചലനമുണ്ടായി പുതിയ എംഡി ചുമതലയേറ്റതോടെ പുതിയ ബസ്സുകള്‍ വാങ്ങുന്നത് വേഗത്തിലാവുമെന്നും ജീവനക്കാര്‍ കരുതുന്നു. രേഖകള്‍ പ്രകാരം 5735 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. എന്നാല്‍, പ്രതിദിനം 5000 മുതല്‍ 5300 വരെ ബസ്സുകള്‍ മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. നിലവില്‍ ആയിരത്തിലധികം ബസ്സുകള്‍ കട്ടപ്പുറത്തും അത്ര തന്നെ ബസ്സുകളുടെ കാലാവധിയും കഴിഞ്ഞു. സ്വകാര്യ ബസ് സമരം, ഹര്‍ത്താല്‍ എന്നീ അവസരങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ പുതിയ ബസ്സുകള്‍ വാങ്ങേണ്ടതുണ്ട്. സ്വകാര്യ ബസ് സര്‍വീസ് നടത്താതിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം ലഭിച്ചിരുന്നു.

RELATED STORIES

Share it
Top