പുതിയ ഡാം നിര്‍മിക്കുക മാത്രമാണ് പോംവഴി: മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയെന്നതാണ് ശാശ്വത പരിഹാരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നല്ലെങ്കില്‍ നാളെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉണ്ടായേ തീരൂ. അത് ഇന്നുതന്നെ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 999 വര്‍ഷത്തെ കരാറാണ് ഡാമിന്റെ കാര്യത്തിലുള്ളത്. ഇത്രയും വര്‍ഷം ഡാം നിലനില്‍ക്കുമെന്ന് തമിഴ്‌നാടിന് ഉറപ്പു പറയാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും വലിയ ആശങ്കയാണുള്ളത്. തമിഴ്‌നാടിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിനുള്ളത്. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകള്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്നത് മുല്ലപ്പെരിയാറിലെ ജലത്തെയാണ്. ഇതു നല്‍കാന്‍ കേരളം തയ്യാറുമാണ്. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇരുസംസ്ഥാനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.
വെള്ളം വിട്ടുനല്‍കാന്‍ തയ്യാറാവാത്തതാണ് ലോകത്തെ എല്ലാ ജലതര്‍ക്കങ്ങള്‍ക്കും കാരണം. എന്നാല്‍, ഇവിടെ അങ്ങനെയൊരു തര്‍ക്കമില്ല. തമിഴ്‌നാടിന് അവര്‍ ആവശ്യപ്പെടുന്ന അളവിലും സമയത്തും വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. ജലനിരപ്പ് 142 അടിയാവുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ആശങ്ക ഒഴിവാക്കിയേ പറ്റൂ. തമിഴ്‌നാടുമായുള്ള ബന്ധത്തിനു കോട്ടം തട്ടാത്തവിധം പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് നിയമവഴികളും കേന്ദ്ര ഇടപെടലും സ്വീകരിക്കും. കേരളത്തിന്റെ ആവശ്യം ആരെയും ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ചും കേരളത്തിന്റെ വികസന പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലേക്കു തിരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഘം ഡല്‍ഹിയിലേക്കു പോയത്.
റെയില്‍വേ വികസനം സംബന്ധിച്ച് സംസ്ഥാനത്തുനിന്നുള്ള എംപിമാരുമായി ഡല്‍ഹിയില്‍ വൈകീട്ട് കൂടിക്കാഴ്ച നടത്തി. ഇന്ന് എംപിമാരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘവും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തും. ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി വല്ലാര്‍പാടം-കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വിഷയങ്ങളും സംസാരിക്കും.
മറ്റു മന്ത്രിമാര്‍, ഹഡ്‌കോ ചെയര്‍മാന്‍ തുടങ്ങിയവരുമായും സംസ്ഥാനസംഘം കൂടിക്കാഴ്ച നടത്തും. കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുമായി കൂടിക്കാഴ്ചയ്ക്ക് സംസ്ഥാനം സമയം ചോദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കയും നിലപാടുകളും അറിയിക്കുകയാണ് ലക്ഷ്യം.

RELATED STORIES

Share it
Top