പുതിയ എയ്‌റോബ്രിഡ്ജുകളുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാവും

കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനത്തില്‍ നിന്ന് പുതിയ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ പ്രവേശിക്കാനായി ഒരുക്കുന്ന മൂന്ന് എയ്‌റോബ്രിഡ്ജുകളുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാവും. കരിപ്പൂരില്‍ പുതിയ ടെര്‍മിനലിനോട് ചേര്‍ന്ന് മൂന്ന് എയ്‌റോബ്രിഡ്ജുകളുടെ നിര്‍മാണമാണു നടക്കുന്നത്. യന്ത്രസാമഗ്രികള്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടതിനാലാണു നിര്‍മാണം ഡിസംബറിലേക്കു മാറ്റിയത്. ടെര്‍മിനല്‍ നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുമെങ്കിലും മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാണു സാധിക്കുക. 120 കോടി മുടക്കി വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനല്‍ മെയ് മാസത്തോടെ പൂര്‍ത്തിയാവും. ടെര്‍മിനലിന്റെ മുകള്‍ഭാഗം പൂര്‍ണമായും ചില്ലുകൊണ്ടാണ് ഒരുക്കുന്നത്. ഇത് ഒരുമാസംകൊണ്ട് പൂര്‍ത്തിയാക്കി മെയ് മാസത്തോടെ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. ഇതിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിദേശത്തുനിന്നു യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള താമസംമൂലം പൂര്‍ത്തീകരണം വൈകുകയാണ്. പുതിയ റണ്‍വേ ഏപ്രണിനോട് ചേര്‍ത്താണ് എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്. ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്കും വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്കും യാത്രക്കാര്‍ക്ക് പ്രവേശിക്കാനുള്ള കവാടമാണ് എയ്‌റോബ്രിഡ്ജുകള്‍. നിലവിലുള്ള പഴയ ടെര്‍മിനലിനോടു ചേര്‍ന്ന് മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യന്ത്ര സാമഗ്രികള്‍ എത്തിച്ച് ഡിസംബറോടു കൂടി പുതിയ മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാവുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്്ണന്‍ പറഞ്ഞു.

RELATED STORIES

Share it
Top