പുതിയ ആണവ കരാര്‍ നിര്‍ദേശവുമായി മാക്രോണും ട്രംപും

വാഷിങ്ടണ്‍: ഇറാനുമായി പുതിയ ആണവ കരാര്‍ നിര്‍ദേശം മുന്നോട്ടുവച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും. നിലവിലുള്ള ആണവ കരാറില്‍ പുതിയ കരാര്‍ കൂടി ഉള്‍പ്പെടുത്താനാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മാക്രോണ്‍ ആവശ്യപ്പെട്ടത്.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയതായിരുന്നു മാക്രോണ്‍. ഇറാനുമായി പുതിയ കരാറില്‍ ഏര്‍പ്പെടാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഇറാനുമായും മറ്റു രാജ്യങ്ങളുമായും യോജിച്ച് ഒരു കരാര്‍ ഉണ്ടാക്കല്‍ ആവശ്യമാണ്. മേഖലയില്‍ സ്ഥിരത നിലനിര്‍ത്താനുള്ള ഒരേ ഒരു മാര്‍ഗം അതാണെന്നും മാക്രോണ്‍ പറഞ്ഞു. 2025ഓടെ ഇറാന്റെ എല്ലാ ആണവ പദ്ധതികളും തടയുന്ന രീതിയിലായിരിക്കും പുതിയ കരാര്‍. യമന്‍, സിറിയ, ഇറാഖ്, ലബ്‌നാന്‍ അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ഇറാന്റെ ആണ്വായുധ നിര്‍മാണം തടസ്സപ്പെടുത്താനാണിത്. സിറിയയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണലും കരാറില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കരാറുമായി മുന്നോട്ടു പോവാന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നടക്കം ട്രംപിനു മേല്‍ സമ്മര്‍ദം ഏറുന്നതിനിടെയാണ് മാക്രോണിന്റെ നിലപാടുമാറ്റം. ഇറാന്റെ ആണവ സംപുഷ്ടീകരണത്തിനു തടയിടാന്‍ നിലവിലെ കരാറല്ലാതെ മറ്റൊന്നില്ലെന്നായിരുന്നു മാക്രോണ്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.
അതേസയമം പുതിയ ഒരു കരാറിനെയും അംഗീകരിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. കരാര്‍ മാറ്റിയെഴുതാമെന്നു പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.  2015ല്‍ ഒബാമ ഭരണകൂടം തയ്യാറാക്കിയ കരാന്‍ ബുദ്ധിശൂന്യവും പരിഹാസ്യവുമാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top