പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സഹകരണ സ്‌കൂള്‍ മാര്‍ക്കറ്റുകള്‍ സജീവം

കോഴിക്കോട്: കളിചിരികളുടെ വേനലവധി ചൂട് കഴിയാറായി. പുതിയ പ്രതീക്ഷകളുമായി സ്‌കൂളുകള്‍ ജൂനില്‍ തുറക്കും. പുതിയ കൂട്ടുകാരും പുതിയ ക്ലാസും ചിലര്‍ക്ക് പുതിയ സ്‌കൂളും, അതുപോലെത്തന്നെ പ്രധാനമാണ് പുതിയ ബാഗും കുടയും പെന്‍സിലും നോട്ടുപുസ്തകവും ഷൂവും. വിദ്യാലയ പ്രവേശനോല്‍സവത്തെ അതേ ആവേശത്തില്‍ സ്വീകരിക്കുകയാണ് വന്‍ വിലക്കുറവുകളോടെ സഹകരണ സ്‌കൂള്‍ മാര്‍ക്കറ്റ്.
മാനാഞ്ചിറ ഡിഡിഇ ഓഫിസ് പരിസരത്ത് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് സ്‌കൂള്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രാന്റ്‌സ് സ്‌കൂള്‍ സ്റ്റേഷനറി ഉല്‍പന്നങ്ങള്‍ വന്‍ വിലക്കിഴിവോടെ ലഭിക്കുന്നുവെന്നതാണ് ഇവിടത്തെ പ്രത്യേകത. ത്രിവേണി നോട്ടുബുക്കുകളും ക്ലാസ് മേറ്റ് നോട്ടുബുക്കുകളും വലിയ വലിക്കുറവിലാണ് ഇവിടെ വില്‍ക്കുന്നത്. വിപണിയില്‍ 45 രൂപക്ക് ലഭിക്കുന്ന ക്ലാസ്‌മേറ്റ് നോട്ടുബുക്കുകള്‍ ഇവിടെ ലഭിക്കുന്നത് 38 രൂപയ്ക്കാണ്. 10ശതമാനം വിലക്കിഴിവോടെയാണ് സ്‌കൂബിഡെ, ഒഡീസിയ തുടങ്ങിയ ബ്രാന്റുകളുടെ ബാഗുകളും വികെസിയുടെ കാന്‍വാസ് ഷൂകളും ഇവിടെ വില്‍ക്കുന്നത്.
പോപ്പി, ക്യൂട്ടി എന്നീ കമ്പനികളുടെ കുടകള്‍ 30 മുതല്‍ 50 രൂപവരെ വിലക്കിഴിവില്‍ ഇവിടെ ലഭിക്കും. ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.
രാവിലെ 9.30 മുതല്‍ 7.30 വരെയാണ് സ്‌കൂള്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന സമയം. വടകര താലൂക്കിലെ മൊകേരിയിലും ഇവരുടെ തന്നെ മറ്റൊരു സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടിന് ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് ഉദ്ഘാടനം ചെയ്ത സഹകരണ സ്‌കൂള്‍ മാര്‍ക്കറ്റ് ജൂണ്‍ രണ്ടു വരെയാണ് പ്രവര്‍ത്തിക്കുക.

RELATED STORIES

Share it
Top