പുതിയ അധ്യയന വര്‍ഷം : വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡുകള്‍ തയ്യാര്‍ആലപ്പുഴ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ജില്ലയില്‍ സ്വകാര്യബസ് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ പറഞ്ഞു. ജില്ലാതല സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യുന്നതിന് കണ്‍സഷന്‍ കാര്‍ഡുകള്‍  ആവശ്യമില്ല. സ്‌കൂള്‍ യൂനിഫോം, സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഉണ്ടെങ്കില്‍ കണ്‍സഷന്‍ അനുവദിക്കണമെന്ന് കമ്മിറ്റി നിര്‍ദേശം നല്‍കി. എല്ലാ ദിവസവും യാത്രാ കണ്‍സഷന്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രഫഷനല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വെക്കേഷന്‍ സമയങ്ങളിലും മറ്റും ക്ലാസ്, പരീക്ഷകള്‍ എന്നിവ വരാറുള്ളതു പരിഗണിച്ച് അത്തരം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ മര്യാദയോടെ പെരുമാറണമെന്നും മറിച്ചുള്ള പരാതികള്‍ ആര്‍ടിഒക്കോ പോലിസിനോ രേഖാമൂലം നല്‍കുകയോ ഫോണില്‍ നല്‍കുകയോ ചെയ്യാമെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളോട് ജില്ലാ കലക്ടര്‍ പറഞ്ഞു. 26,000 കാര്‍ഡുകള്‍ സ്റ്റോക്കുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ആകെ 10,000 ത്തിന് മുകളില്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഒരു കാര്‍ഡിന് അഞ്ചുരൂപ വീതം ഈടാക്കാനും യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ പിരിച്ച തുക ജില്ലാ കലക്ടറുടെയും ആര്‍ടിഒയുടെയും സംയുക്ത അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കാനും തീരുമാനിച്ചു. നിലവില്‍ 72,550 രൂപ നിക്ഷേപിക്കാനായി കൈവശമുണ്ടെന്ന് ആര്‍ടിഒ യോഗത്തില്‍ പറഞ്ഞു. ആര്‍ടിഒ എബി ജോണ്‍, ഡിവൈഎസ്പി എം ഇ ഷാജഹാന്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സ്വകാര്യബസ് ഉടമകളുടെ സംഘടനാ പ്രതിനിധി, സ്വകാര്യബസ് ജീവനക്കാരുടെ പ്രതിനിധി യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top