പുതിയ അധ്യയന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കും: മന്ത്രി

കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഓരോ വിദ്യാലയത്തിന് 5 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഈ മാസം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിസം പദ്ധതി പ്രകാരം നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വരുന്ന ഒരു വര്‍ഷത്തില്‍ 12.5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങള്‍ക്കായി ഓരോ മണ്ഡലത്തിലും നടക്കുക. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആവുമെന്നും മന്ത്രി പറഞ്ഞു. പഠനരീതി ഡിജിറ്റല്‍ കണ്ടന്റ് ആക്കുന്നതിനുള്ള സംവിധാനം ജൂണ്‍ ഒന്നിന് മുമ്പ് പൂര്‍ത്തിയാവും. വിദ്യാലയാന്തരീക്ഷം, ലഹരിവിരുദ്ധമാക്കുന്നതിനായി രക്ഷിതാക്കള്‍ക്ക് ക്ലാസ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വരുന്ന അധ്യായന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കാനാണ് നടപടി സ്വീകരിച്ചത്.
വിദ്യാര്‍ഥികളെ എല്ലാ രംഗത്തും മികവുറ്റവരായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. കോളജ് അധ്യാപകര്‍ക്കും ഇതിന്റെ ഭാഗമായി പരിശീലനം നല്‍കും. 1.45 ലക്ഷം വിദ്യാര്‍ഥികളാണ് സ്വകാര്യ വിദ്യാലയങ്ങളെ ഉപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയമാണിതെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ ഷെറിനാ വിജയന്‍, വിദ്യാഭ്യാസ ഉപഡയക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍, എംഇഒ അജിത്കുമാര്‍, ആര്‍ക്കിടെക്ട് വിനോദ് സിറിയക്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ എം മോഹനന്‍, പിടിഎ പ്രസിഡന്റ് സി എം ജംഷീര്‍, മദര്‍ പിടിഎ പ്രസിഡന്റ് സബിത, സ്റ്റാഫ് സെക്രട്ടറി ആശാ ജോസ് സംസാരിച്ചു.

RELATED STORIES

Share it
Top