പുടിന്‍-ട്രംപ് ചര്‍ച്ച നാളെ

വാഷിങ്ടണ്‍:  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണവും വിവാദങ്ങളും പുരോഗമിക്കവെ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ നാളെ കൂടിക്കാഴ്ച നടത്തും. ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സങ്കിയിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ്് വഌദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തുന്നത്്.
കൂടിക്കാഴ്ചാ വിവരം വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് 12 റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍—ക്കെതിരേ യുഎസ് ഫെഡറല്‍ കോടതി കഴിഞ്ഞദിവസം കുറ്റംചുമത്തിയിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇവര്‍ക്കു മേല്‍ കുറ്റംചുമത്തിയത്.
കോടതി വിധിയെത്തുടര്‍ന്ന് ഉച്ചകോടി റദ്ദാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഉച്ചകോടിക്ക് മുമ്പ് സാഹചര്യങ്ങള്‍ വഷളാക്കാനാണ് യുഎസ് നടപടിയെന്നും റഷ്യ ആരോപിച്ചു. എന്നാല്‍ ഉച്ചകോടി നടക്കുമെന്നാണു പ്രതീ—ക്ഷിക്കുന്നതെന്ന് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. ട്രംപിനെ നയതന്ത്ര പങ്കാളിയായാണ് തങ്ങള്‍ കാണുന്നത്. യുഎസുമായുള്ള നയതന്ത്രബന്ധം വഷളായിരിക്കുകയാണ്്. തങ്ങള്‍ക്ക് അത് ശരിയായ ദിശയിലാക്കണമെന്നും റഷ്യന്‍ വക്താവ് യുരി ഉഷകോവ് അറിയിച്ചു.
യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ ട്രംപ് തിങ്കളാഴ്ച ഫിന്‍ലന്‍ഡിലെത്തും. ബ്രിട്ടനിലെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം തന്റെ മാതാവ് മേരി അന്നെയുടെ ജന്‍മദേശമായ സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിച്ചു. രണ്ടു ദിവസം  താന്‍ ടേണ്‍ബറിയില്‍ ഉണ്ടാവുമെന്നും തന്റെ ചെറുപ്പകാലത്തെ വിനോദമായ ഗോള്‍ഫ് കളിക്കാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

RELATED STORIES

Share it
Top