പുടിനുമായും ഷിയുമായും മോദി കൂടിക്കാഴ്ച നടത്തി

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍, ചൈനീസ് പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച അര്‍ധരാത്രിയോടെയാണു മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തിയത്.  വിശാലവും ഫലപ്രദവുമായ ചര്‍ച്ചയാണു പുടിനുമായി നടന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തില്‍ വേരൂന്നിയതാണ്. ഒട്ടേറെ മേഖലയില്‍  ഈ ബന്ധം തുടരും-–മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ-റഷ്യ വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. പുതിയ നിക്ഷേപങ്ങള്‍, ഊര്‍ജം, പ്രതിരോധം, ടൂറിസം തുടങ്ങിയ വിഷയങ്ങളിലും ഫലപ്രദമായ ചര്‍ച്ച നടന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. റഷ്യന്‍ സമയം അര്‍ധരാത്രിയോടെയാണ് കൂടിക്കാഴ്ച അവസാനിച്ചതെന്നും രവീഷ് ട്വീറ്റ് ചെയ്തു.
മൂന്നാം തവണയാണ് മോദി പുടിന്‍ കൂടിക്കാഴ്ച നടക്കുന്നത്. റഷ്യയിലെ സോചിയില്‍ മെയില്‍ ഇരു നേതാക്കളും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടടുത്ത മാസം ചൈനയില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും ഇരുവരും കൂടിക്കണ്ടു.
ഇന്ത്യ-ചൈനാ ബന്ധം മെച്ചപ്പെടുത്തുന്നതിലും പുതിയ മേഖലകളിലെ സഹകരണത്തിലും ഊന്നിയായിരുന്നു മോദി-ഷി ജിന്‍ പെങ് ചര്‍ച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം  അവലോകനം ചെയ്യാനും ധാരണയായതായി ഇരു നേതാക്കളും അറിയിച്ചു. നാലുമാസത്തിനിടെ മൂന്നാംതവണയാണ് ഇരുനേതാക്കളും ചര്‍ച്ചനടത്തുന്നത്്.
ബുധനാഴ്ചയാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ദക്ഷിണാഫ്രിക്കയിലെത്തിയത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രത്തലവന്‍മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ലോകജനസംഖ്യയുടെ 40 ശതമാനവും ഈ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.
ബഹുസ്വരത, രാജ്യാന്തര വ്യാപാരം, അന്താരാഷ്ട്ര നിയമം എന്നിവ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

RELATED STORIES

Share it
Top