പുഞ്ചകൃഷി: കുട്ടനാട്ടില്‍ യന്ത്രവല്‍കൃത വിളവെടുപ്പ് തുടങ്ങി; ഇക്കുറി നേരത്തെ

ഹരിപ്പാട്: കുട്ടനാട്ടില്‍ ഇനി പുഞ്ചകൃഷി വിളവെടുപ്പിന്റെ കാലം.   അപ്പര്‍കുട്ടനാട്ടിലെ വീയപുരം കൃഷിഭവന്‍ പരിധിയിലെ കട്ടക്കുഴി തേവേരി പാടശേഖരത്തിലാണ്  പുഞ്ചകൃഷി വിളവെടുപ്പ്  ആരംഭിച്ചത്. 175 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 4 കൊയ്ത്തുമെതിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് വിളവെടുപ്പ് ആരംഭിച്ചത്.
ഏക്കറിന് 1550   രൂപാ ക്രമത്തിലാണ് വിളവെടുപ്പ്  പുരോഗമിക്കുന്നത്.  സര്‍ക്കാര്‍ കൊയ്ത്തുയന്ത്രങ്ങളുടെ അഭാവത്തിലാണ്  സ്വകാര്യ യന്ത്രങ്ങള്‍ വിളവെടുപ്പിന് പാടശേഖര സമിതി തരപ്പെടുത്തിയത്. അപ്പര്‍കുട്ടനാട്ടിലെ  ഈ സീസണിലെ ആദ്യ വിളവെടുപ്പായതിനാല്‍ ഉല്‍സവ പ്രതീതിയിലാണ് വിളവെടുപ്പിന് തുടക്കം കുറിച്ചത്. ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എലിസബത്ത് വീയപുരം കൃഷി ഓഫിസര്‍ സൂസന്‍ മാത്യം ഗ്രാമപ്പഞ്ചായത്ത് അംഗവും  പാടശേഖര സമിതിയുടെ സെക്രട്ടറിയുമായ വിനു ജോണിന്റെ നേതൃത്വത്തില്‍ നിരവധി  കര്‍ഷകരുടെയും സാന്നിധ്യത്തിലായിരുന്നു  പ്രാരംഭ വിളവെടുപ്പ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച്  വളരെ നേരത്തെയാണ് ഇക്കുറി  വിളവെടുപ്പ് ‘  പാടശേഖരത്തിന്റെ ഒരു വശം പമ്പയാറും മറ്റേ വശം അച്ചന്‍കോവിലാറുമായതിനാല്‍  വിളവെടുപ്പ് സീസണില്‍ പ്രകൃതി വരുത്തിയ ദുരനുഭവങ്ങളാണ് കൃഷിയിറക്കും  വിളവെടുപ്പും മുന്നേയാക്കാന്‍ കാരണമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
കഴിഞ്ഞ 20 ന് വിളവെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും യന്ത്രങ്ങളുടെ ലഭ്യതയും ഒപ്പം വാടകയിലും തീരുമാനമായിരുന്നില്ല. തീരുമാനം മുന്നേയെടുത്തിരുന്നെങ്കില്‍ ഒരാഴ്ച മുന്നേ വിളവെടുക്കാന്‍ കഴിയുമായിരുന്നു. കഴിഞ്ഞ സീസണിലെ രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഒന്നായിരുന്നു  ഈ പാടശേഖരം. കൃഷി വിളവെടുപ്പിനോട് അടുക്കവെ പാടശേഖരത്തിന്റെ ഇടബണ്ട് തകര്‍ന്ന് പൂര്‍ണ്ണമായും നശിക്കുകയായിരുന്നു.  കോടി കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച പാടശേഖരം എന്ന നിലയില്‍ കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍  കൃഷി ഉന്നത ഉദ്യോഗസ്ഥരുമായി പാടശേഖരത്തില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഹെക്ടറിന് 35000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ കര്‍ഷകരോട് പറഞ്ഞത് ‘ എന്നാല്‍ പ്രഖ്യാപനം പ്രാവര്‍ത്തീകമാകാതെ വന്നതോടെ പാടശേഖര സമിതി  കര്‍ഷകര്‍ക്ക് മറുപടി പറഞ്ഞ് ദയനീയ അവസ്ഥയിലായി.
പാടശേഖര സമിതി ഭാരവാഹികളാകട്ടെ കൃഷി ഓഫീസുകള്‍ കയയിറങ്ങേണ്ട ഗതികേടിലാണിപ്പോള്‍. നദികളിലും ജലസ്രോതസ്സുകളിലും ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമമാണ് കര്‍ഷകര്‍ അനുഭവിച്ചത് ‘ അതിജീവിച്ച കര്‍ഷകര്‍ ഇനി സംഭരണ ഏജന്‍സികളെ കാത്തിരിക്കേണ്ടി വരും’ ഒരാഴ്ചക്കുള്ളില്‍ വിളവെടുപ്പ് പൂര്‍ത്തീകരിക്കാമെന്ന പ്രതീക്ഷയിലാണ് സമിതിയും  കര്‍ഷകരും.

RELATED STORIES

Share it
Top