പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുലേഖ രാജിവച്ചു

പീരുമേട്: ഭരണസമിതിയിലെ ഭിന്നതയെ തുടര്‍ന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുലേഖ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി കെ ടി ഷാജിയ്ക്ക് ഇന്നലെ വൈകുന്നേരം നാലു മണിയോടെ കൈമാറി. പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് രാജുവടുതലയ്ക്കാണ്.
പ്രസിഡന്റും  വൈസ് പ്രസിഡന്റും സി പി എമ്മിനൊപ്പം ചേരുമെന്നാണ് സൂചന. യുഡിഎഫിനാണ് പീരുമേട് പഞ്ചായത്തിന്റെ ഭരണം. രണ്ട് വര്‍ഷത്തെ ഭരണത്തില്‍  ഭരണസമിതിയിലെ അംഗങ്ങള്‍ മാനസികമായി തേജോവധം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നാണ് സുലേഖ പറയുന്നത്.
നാളുകളായി യുഡിഎഫ് അംഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ വഴിവിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഭരണ സമിതിയിലെ അംഗങ്ങള്‍ തന്നെ മാനസീകമായി തളര്‍ത്തുന്നതും സ്ത്രീയെന്ന പരിഗണന പോലും നല്‍കാനില്ലെന്നും ഇത് വികസനത്തിന് തടസമാവുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പറയപ്പെടുന്നത്.
കോണ്‍ഗ്രസിലെ മുന്‍ ധാരണപ്രകാരം വൈസ് പ്രസിഡന്റ് രാജുവടുതലയുടെ കാലാവധി അവസാനിച്ചിരുന്നു. കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസിഡന്റ് ടി എസ് സുലേഖയുടെ രാജി. പീരുമേട് പഞ്ചായത്തിലെ കല്ലാര്‍ വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് ടി എസ് സുലേഖ പഞ്ചായത്ത് പ്രസിഡന്റായത്.  17 അംഗങ്ങളുള്ള പീരുമേട് പഞ്ചായത്തില്‍ യുഡിഎഫ് 9 എല്‍ ഡി എഫ് 7 എ ഐ ഡി എം കെ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. സുലേഖ രാജി വെച്ചതോടെ യു ഡി എഫില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗമില്ല. ഇവരെ സമന്വയിപ്പിച്ച് രാജി പിന്‍വലിക്കാനാണ് യു ഡി എഫ് ശ്രമം.

RELATED STORIES

Share it
Top