പീരുമേട്ടില്‍ തുടരെ രാഷ്ട്രീയ അട്ടിമറികള്‍

പീരുമേട്: രാഷട്രീയ നാടകങ്ങള്‍ക്കൊടുവില്‍ അഴുത ബ്ലോക് പഞ്ചായത്തിലെ ഭരണമാറ്റത്തിനു പിന്നാലെ പീരുമേട് പഞ്ചായത്തിന്റെ ഭരണമാറ്റത്തിനും കളിയൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചതോടെയാണ് പീരുമേട്ടിലെ രാഷ്ടീയം ശ്രദ്ധാകേന്ദ്രമായി മാറിയത്. സമാനമായ സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിലൂടെ അഴുത ബ്ലോക്കിന്റെ ഭരണം ഒരു മാസം മുമ്പ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ്  പിടിച്ചെടുത്തിരുന്നു. ഇരു മുന്നണികളും അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ചര്‍ച്ചകള്‍ സജീവമാക്കി. അവിശ്വാസ പ്രമേയ നോട്ടീസിലൂടെയാണ് അഴുത ബ്ലോക്കിന്റെ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തത്. പഞ്ചായത്ത് പ്രസിഡന്റിനെ തന്നെ രാജിവയ്പ്പിച്ചാണ് പീരുമേട് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് ശ്രമം ആരംഭിച്ചിരിക്കുന്നത്. അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ 1999 മുതലാണ് ഇരു മുന്നണികളും തമ്മില്‍ പരസ്പരം കാലുവാരല്‍ മല്‍സരം ആരംഭിച്ചത്. അന്ന് 8 അംഗ സമിതിയില്‍ ഇരു മുന്നണികള്‍ക്കും 4 വിതമാണ് അംഗങ്ങള്‍ ഉണ്ടായിരുന്നു. നറുക്കെടുപ്പിലൂടെ സിപിഐയിലെ ഇ എസ് ബിജിമോള്‍ പ്രസിഡന്റായി. ബിജിമോള്‍ക്കെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം ബിജിമോള്‍ക്ക് വോട്ട് ചെയ്ത് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 2003ല്‍  ബ്ലോക് പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണത്തില്‍ പ്രസിഡന്റായിരുന്ന സിപിഐയിലെ വി തങ്കപ്പന്‍ മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും സ്ഥാനം ഒഴിയാതെ കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനം നിലനിര്‍ത്തി. ഈ  കാലുമാറ്റം സൃഷ്ടിച്ച രാഷ്ടീയ വൈരാഗ്യം രണ്ട് കൊലപാതകങ്ങളില്‍ കലാശിച്ചു. ആക്രമണങ്ങളില്‍ സിപിഎം പ്രവര്‍ത്തകന്‍ അയ്യപ്പദാസിനും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം ബാലുവിനും ജീവന്‍ നഷ്ടമായി. കേരളാ കോണ്‍ഗ്രസ് അംഗവും ആര്‍എസ്പി അംഗവും എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടതോടെയാണ് ഇത്തവണ യുഡിഎഫ് ഭരണത്തിന് തിരശീല വീണത്. കേരളാ കോണ്‍ഗ്രസ് അംഗത്തിന് അഴുത ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം നല്‍കുകയും ആര്‍എസ്പി അംഗത്തിന് വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കിയാണ് എല്‍ഡിഎഫ് ഇവരെ ഒപ്പം കൂട്ടിയത്. കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതയും ഗ്രൂപ്പുപോരുമാണ് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതിന് പ്രധാന കാരണം. ഇത് മുതലെടുത്ത് എല്‍ഡിഎഫ് നേട്ടം കൊയ്യുകയാണ്. രാഷട്രീയ നാടകമെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോഴും നേട്ടം എല്‍ഡിഎഫിന് തന്നെ. പീരുമേട് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ മുന്‍ ധാരണപ്രകാരം വൈസ് പ്രസിഡന്റ് രാജു വടുതലയുടെ കാലാവധി അവസാനിച്ചിരുന്നു. കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടതോടെ ഇയാള്‍ എല്‍ഡിഎഫിനൊപ്പം ചേരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് ടി എസ് സുലേഖയുടെ രാജി. പീരുമേട് പഞ്ചായത്തിലെ കല്ലാര്‍ വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് ടി എസ് സുലേഖ പഞ്ചായത്ത് പ്രസിഡന്റായത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയ്ക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്തിരിക്കുന്ന ഇവിടെ കോണ്‍ഗ്രസിന് സുലേഖയുടെ രാജി യുഡിഎഫ് ഭരണത്തിന് ഭീഷണിയാണ്.സുലേഖ രാജി വച്ചതോടെ യുഡിഎഫില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗമില്ല. ഇവരെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇരുവരും സിപിഎമ്മിലേക്ക് പോവുന്ന സൂചനയാണ്. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുമായി രഹസ്യയോഗം ചേര്‍ന്നതായും സൂചനയുണ്ട്. എല്‍ഡിഎഫ് പാളയത്തില്‍ ഇവര്‍ എത്തുന്നതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനങ്ങള്‍ ഇവര്‍ക്കുതന്നെ നല്‍കി ഭരണം പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് ശ്രമം. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മല്‍സരിച്ച ഇരുവരും വിപ്പ് ലംഘിച്ചതോടെ  അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം.

RELATED STORIES

Share it
Top