പീരുമേട്ടിലെ നാല് വില്ലേജുകളില്‍ സാറ്റലൈറ്റ് സര്‍വേ ആരംഭിച്ചുവണ്ടിപ്പെരിയാര്‍: പീരുമേട് താലൂക്കില്‍ നാലു വില്ലേജുകളില്‍ സാറ്റലൈറ്റ് സര്‍വേ ആരംഭിച്ചു.ജി.പി.എസ് (ഗ്ലോബല്‍ പൊസഷന്‍ സിസ്റ്റം) ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിനുള്ള ജി. പി.എസ്. പോയിന്റുകള്‍ സ്ഥാപിക്കുന്നതിന്റെ  പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. പീരുമേട് താലൂക്കിലെ വില്ലേജുകളായ പെരിയാര്‍, മഞ്ചുമല, പീരുമേട്, ഏലപ്പാറ, തുടങ്ങിയ വില്ലേജുകളിലാണ് നടപടികള്‍ തുടങ്ങിയത്.ഓരോ വില്ലേജിലെയും സര്‍വ്വേ നമ്പറുകളും ഭൂമിയുടെ അളവും നോക്കി സെക്ടര്‍ തിരിച്ചാണ് റീസര്‍വേ നടത്തുന്നത്.ഓരോ വില്ലേജിലും ഉദ്ദേശം 200 സെക്ടര്‍ ഉണ്ടാവും.ജി.പി.എസ് സഹായത്തോടെ ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റ് (ജി.സി.പി) സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്.തുടര്‍ന്ന് ടോട്ടല്‍ സ്‌റ്റേഷന്‍ സംവിധാനത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കുന്നത്. പതിനഞ്ച് ദിവസ ഷെഡ്യൂളില്‍ 58 പേരടങ്ങുന്ന സംഘമാണ് ജോലികളിലേര്‍പ്പെട്ടിരിക്കുന്നത്. ജില്ലാ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ചുമതല.പീരുമേട്ടില്‍ 96 ,ഏലപ്പാറ 132, പെരിയാര്‍ 182, മഞ്ചുമല 118 പോയിന്റുകളണ് മാര്‍ക്ക് ചെയ്യുന്നത്. റവന്യൂ വകുപ്പിന്റെ പക്കലുള്ള രേഖകള്‍ പ്രകാരം സര്‍ക്കാര്‍ ഭൂമികള്‍, സ്വകാര്യ ഭൂമികള്‍, എസ്‌റ്റേറ്റ് ഭൂമികള്‍,നദികള്‍, തോടുകള്‍ പട്ടയ ഭൂമികള്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തും. കൈയ്യേറ്റ ഭൂമികളും കണ്ടെത്താന്‍ ഇത് സഹായകരമാവും. ഏറെ കോടമഞ്ഞ് നിറഞ്ഞ പ്രദേശമായതിനാല്‍ തടസ്സങ്ങള്‍  നേരിടുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച മുതല്‍ ജി.പി.എസ്. സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ തുടങ്ങിയത്. രണ്ട് മാസം മുന്‍പ് പീരുമേട് താലൂക്കിലെ ഉപ്പുതറ, കൊക്കയാര്‍, തുടങ്ങിയ രണ്ടു വില്ലേജുകളില്‍ സര്‍വ്വേ തുടങ്ങിയിരുന്നു. ഈ വില്ലേജുകളിലെ ഭൂരിഭാഗവും റീസര്‍വേയുടെ നടപടികള്‍ പൂര്‍ത്തിയായി.  ഓഫിസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വേ നടത്തേണ്ട ഉദ്യോഗസ്ഥരെ മറ്റു ജില്ലകളില്‍ നിന്നും പുനര്‍ ക്രമീകരിക്കും.സര്‍വേകള്‍ നടത്തുമ്പോള്‍ തന്നെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകളും പരിശോധിച്ച് രേഖപ്പെടുത്തും.ഓരോ വില്ലേജിനും ഓരോ സുപ്രണ്ടുമാര്‍ വീതം ഉണ്ടാവും. സര്‍ക്കാര്‍ ഭൂമി, തോട്, കുളങ്ങള്‍, കൃഷിഭൂമി, തുടങ്ങിയവയെല്ലാം റീസര്‍വ്വേ നടത്തും. നാലു വില്ലേജില്‍ സെക്ടര്‍ തിരിക്കും. അടുത്ത ദിവസം മുതല്‍ സ്ഥലം പരിശോധിച്ച് ജി.പി.എസ്. പോയിന്റുകള്‍ സ്ഥാപിക്കും.അതിനു ശേഷം സര്‍വേ നടപടികളുമായി മുന്നോട്ട്  പോകാനാണ് തീരുമാനം.

RELATED STORIES

Share it
Top