സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഐജിതിരുവനന്തപുരം:  തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഐജി മനോജ് എബ്രഹാം. യുവതിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഐജി പറഞ്ഞു. യുവതി തന്നെ ദേഹോപദ്രവമേല്‍പ്പിച്ചതായി ഗംഗേശാനന്ദ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ കേസെടുക്കാനാകില്ലെന്നും ഐജി വ്യക്തമാക്കി.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ കേസെടുത്തെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പേട്ട പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ റിപ്പോര്‍ട്ടാണ് ഐജി തിരുത്തിയത്. ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പോലീസിന് നല്‍കിയ മൊഴിയിലാണ് ഇയാള്‍ യുവതിക്കെതിരെ പരാതി നല്‍കിയത്.
പൂജക്കും മറ്റുമായി വീട്ടിലെത്താറുള്ള സ്വാമി ഗംഗേശാനന്ദ, താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് 23കാരിയായ യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത യുവതിയുടെ അമ്മക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ഗംഗേശാനന്ദ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കവെ യുവതി കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാളുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.
പെണ്‍കുട്ടി ചെയ്തത് ധീരമായ നടപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ വിശേഷിപ്പിച്ചത്.

RELATED STORIES

Share it
Top