പീഡിതരും പീഡകരും: ചില സമകാല ചിന്തകള്‍

നാട്ടുകാര്യം - കുന്നത്തൂര്‍ രാധാകൃഷ്ണന്‍

മീ ടൂ പ്രചാരണം കത്തിക്കയറിയപ്പോള്‍ ചാമ്പലാവുന്നവരുടെ എണ്ണം പെരുകുകയാണല്ലോ പടച്ചോനേ. രാഷ്ട്രീയവും സിനിമയും പത്രപ്രവര്‍ത്തനവും സ്‌പോര്‍ട്‌സുമെല്ലാം തകിടംമറിയുന്ന കാഴ്ചയാണ് അനുഭവവേദ്യമാകുന്നത്. ബോളിവുഡില്‍ കത്തിനില്‍ക്കുന്ന നാനാ പടേക്കര്‍ക്കെതിരേ തനുശ്രീ ദത്ത എന്ന പെണ്ണുമ്പിള്ളയാണ് ആദ്യത്തെ വെടിപൊട്ടിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ പടേക്കര്‍ ശഠേന്നു വന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. ആരോപണം ഇത്ര വലിയ കാന്‍വാസിലേക്കു വന്നുപതിക്കുമെന്ന് പടേക്കറോ തനുശ്രീയോ കരുതിയിട്ടുണ്ടാവില്ല. സംഭവിച്ചതെന്താണ്? ഞാനും അര്‍ബന്‍ നക്‌സല്‍ എന്ന അത്യാധുനിക പ്രയോഗം വന്നപോലെ വേഗത്തില്‍ മാഞ്ഞുപോയി. പകരം പീഡനം, ബലാല്‍സംഗം, ആംഗ്യപ്രയോഗം, പടേക്കര്‍, എം ജെ അക്ബര്‍, മുകേഷ് തുടങ്ങിയ മഹത്തായ പ്രയോഗങ്ങളടങ്ങിയ മീടൂ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു.
അക്ബര്‍ ഏഷ്യന്‍ ഏജിന്റെ പത്രാധിപരായിരുന്നപ്പോള്‍ പീഡകന്റെ വേഷം എടുത്തണിഞ്ഞുവെന്നാണ് പത്രപ്രവര്‍ത്തക പെരുമ്പറ കൊട്ടിയത്. പിന്നീടാണല്ലോ പെണ്ണെഴുത്തുകാരികളും വനിതാ പത്രപ്രവര്‍ത്തകരുമായ മറ്റു ചിലര്‍ കൂടി അക്ബറിന്റെ വസതിയിലേക്ക് ഘോഷയാത്ര സംഘടിപ്പിച്ചത്. അക്ബര്‍ക്കെതിരേ സംഘടിത സ്ത്രീമുന്നേറ്റം തന്നെയാണ് നടക്കുന്നതെന്നാണ് കോരന്‍ എന്ന കള്ളുകുടിയനായ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. പെണ്ണെഴുത്തിന്റെ ശക്തി നോക്കണേ! അജിത, സാറാ ജോസഫ്, ശാരദക്കുട്ടി, ദേവിക, ഗ്രേസി തുടങ്ങിയ മഹാവനിതകള്‍ വിതച്ച വിത്ത് മുളപൊട്ടി മഹാവൃക്ഷമായതില്‍ ഫെമിനിസ്റ്റ് തീവ്രവാദിനികള്‍ സന്തുഷ്ടരാണത്രേ.
വനിതകളുടെ ലേറ്റസ്റ്റ് മീടൂ പ്രചാരണം കൊണ്ട് ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഇന്ത്യയിലെ ഒരുമാതിരിപ്പെട്ട പുരുഷന്മാരെല്ലാം പീഡകരാണ് എന്ന പരമാര്‍ഥമാണത്. നാനാ പടേക്കര്‍, പെണ്ണുമ്പിള്ളയുടെ ആരോപണം തള്ളിയിട്ടുണ്ട്. മുകേഷാവട്ടെ, ചിരിച്ചുകൊണ്ട് 'തമാശ തമാശ' എന്ന തട്ടുപൊളിപ്പന്‍ സിനിമാ ഡയലോഗാണ് കാച്ചുന്നത്.
അക്ബര്‍ കമാന്നു മിണ്ടിയിട്ടില്ല. വിദേശകാര്യസഹമന്ത്രിയായ ആ മഹാനുഭാവന്‍ ഇപ്പോള്‍ നൈജീരിയയിലാണ്. നൈജീരിയ ആഫ്രിക്കയിലെ കാട്ടുപ്രദേശമായതിനാല്‍ സാമൂഹിക മാധ്യമങ്ങളിലെ അധികപ്രസംഗം അവിടെ എത്തിയിട്ടുണ്ടാവില്ല. എന്നാല്‍, തിരിച്ചെത്തുമ്പോള്‍ അക്ബറുടെ മന്ത്രിക്കസേര അവിടെ തന്നെ ഉണ്ടാവുമോ എന്നുറപ്പില്ല. ബോളിവുഡില്‍ സ്‌ഫോടനാത്മക സിനിമപോലെയാവുമോ മിടൂ പ്രചാരണത്തിന്റെ പര്യവസാനം എന്ന് പറയാറായിട്ടില്ല. പടേക്കര്‍ക്കെതിരേ കേസുണ്ട്, ആമിര്‍ഖാന്‍ ഇടഞ്ഞു എന്നൊക്കെ പറയുന്നുണ്ടെന്നത് വേറെ കാര്യം. പീഡകരെ വെറുതെ വിടരുതെന്ന് കേന്ദ്രമന്ത്രിണിമാരായ മേനകാമ്മയും സ്മൃതി തമ്പുരാട്ടിയും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. എന്നാല്‍, അക്ബറിന്് മുകളില്‍ പെരിയ കസേരയിലിരിക്കുന്ന സുഷമാമ്മ ഒന്നും പറഞ്ഞുകണ്ടില്ല. വിദേശകാര്യം തലയ്ക്കുപിടിച്ചിരിക്കുമ്പോഴാണ് അക്ബര്‍, ഔറംഗസേബ് എന്നൊക്കെ ചിലര്‍ വിളിച്ചുകൂവുന്നത്. തല്‍ക്കാലം അതൊന്നും സുഷമാമ്മ ചിന്തിക്കുന്നില്ല എന്നാണ് അധികാരത്തിന്റെ ഇടനാഴിയില്‍ പതിയിരിക്കുന്ന ഒരു പരുന്ത് പറയുന്നത്. മാത്രമല്ല, തലയുള്ളപ്പോള്‍ മേനക, സ്മൃതി തുടങ്ങിയ വാലുകള്‍ പിടയേണ്ടതില്ലെന്നും ചങ്ങായ് പറയുന്നുണ്ട്.
അക്ബര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് പീഡകര്‍ അല്‍പം പോലുമില്ലാത്ത കോണ്‍ഗ്രസ്സിലെ തീപ്പൊരി രാഹുലന്‍ ആവശ്യപ്പെടുന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അക്ബര്‍ ഔട്ടാവുന്നത് കൈപ്പത്തിക്ക് മഹാവോട്ടുകള്‍ സൃഷ്ടിക്കുമെന്നാണത്രേ പയ്യന്‍ കരുതുന്നത്.
മാര്‍ക്‌സിസ്റ്റ് തമാശനടനായ മുകേഷിന്റെ കാര്യം എന്താവുമെന്ന് കോളിവുഡ് ആശങ്കപ്പെടുന്നുണ്ടത്രേ. തനിക്കെതിരേ ഏതോ പെണ്ണുമ്പിള്ള ആരോപണം ഉന്നയിച്ചത് തെറ്റിദ്ധാരണകൊണ്ടാണെന്ന് മുകേഷിന് ബോധോദയമുണ്ടായിട്ടുണ്ട്. ശേഷം കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും. ആരോപണവിധേയനായ എംഎല്‍എ പി കെ ശശിയുടെ കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല. ആരോപണം പാര്‍ട്ടി പഠിച്ചുവരുന്നതേയുള്ളൂ. മുകേഷിനെതിരായ ആരോപണവും പാര്‍ട്ടി പത്തു വര്‍ഷം കൊണ്ട് പഠിച്ച് നടപടി സ്വീകരിക്കും.
ഇത്രയൊക്കെയായിട്ടും നിങ്ങള്‍ക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയില്ലെങ്കില്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! അതായത്, ചില ആപ്തവാക്യങ്ങള്‍ നിങ്ങള്‍ കാലാകാലം ഓര്‍മിക്കേണ്ടതുണ്ട്. പണ്ട് രസികനായ ഒരു മുന്‍മുഖ്യന്‍ പറഞ്ഞതാണ് പ്രധാനം: ''പെണ്ണുള്ളിടത്ത് പെണ്‍വാണിഭവുമുണ്ടാകും.'' ''അമേരിക്കയില്‍ ചായകുടിപോലെയാണ് ബലാല്‍സംഗം.'' മേല്‍പറഞ്ഞ സുന്ദരന്‍ ഡയലോഗിന്റെ ആന്തരാര്‍ഥം ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ലൈംഗികപീഡനം എന്ന് നിങ്ങള്‍ ആര്‍ത്തുവിളിക്കില്ലായിരുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ തളയ്ക്കാനാണ് കന്യാസ്ത്രീകള്‍ സമരം ചെയ്തത്. ഇപ്പോഴത്തെ സ്ഥിതി അതല്ല. നാനാ പടേക്കറുടെ നേതൃത്വത്തിലുള്ള പീഡകഘോഷയാത്രയില്‍ വമ്പന്മാരാണ് അണിനിരന്നിരിക്കുന്നത്. യാത്രികരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. 'പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല' എന്ന ഫെമിനിസ്റ്റ് ആപ്തവാക്യം മറന്നുപോകാതിരിക്കുന്നതാണ് തടിക്കു നല്ലത്. ഇവന്‍മാരെയൊക്കെ വിചാരണ ചെയ്യാന്‍ എത്ര അതിവേഗ കോടതികള്‍ സ്ഥാപിക്കേണ്ടിവരും പടച്ചോനേ! പ്രായപൂര്‍ത്തിയാവാത്തവരെ പീഡകപ്രഭൃതികള്‍ പീഡിപ്പിച്ചതായി തല്‍ക്കാലം ആരോപണമുയര്‍ന്നിട്ടില്ല. അതിനാല്‍ പീഡകരെ പുതിയ നിയമപ്രകാരം തൂക്കിക്കൊല്ലേണ്ടിവരില്ല. ഇതിനിടെ, നാല്‍പതു കൊല്ലം മുമ്പ് വിവാഹത്തിന്റെ ആദ്യരാത്രിയില്‍ ഭര്‍ത്താവും പത്രപ്രവര്‍ത്തകനും മഹാകുടിയനുമായ കോരന്‍ തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കാന്‍ ചക്കി എന്ന മഹതി തീരുമാനിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ി

RELATED STORIES

Share it
Top