പീഡന ആരോപണം: ശശിയെ രക്ഷിച്ചെടുക്കാന്‍ ശ്രമം

പാലക്കാട്: പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനാരോപണ പരാതിയില്‍ അന്വേഷണ കമ്മീഷന്‍ കൂടുതല്‍ പേരുടെ മൊഴിയെടുത്തു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഇന്നലെയും തുടര്‍ന്ന തെളിവെടുപ്പിലാണു ഡിവൈഎഫ്‌ഐ ജില്ലാ-പ്രാദേശിക നേതാക്കളുടെ മൊഴി എ കെ ബാലന്‍, പി കെ ശ്രീമതി എന്നവരടങ്ങുന്ന കമ്മീഷന്‍ രേഖപ്പെടുത്തിയത്.
ഡിവൈഎഫ്‌ഐ പ്രസിഡന്റ് ടി എം ശശി, ജില്ലാ സെക്രട്ടറി കെ പ്രേംകുമാര്‍, ഷൊര്‍ണൂരില്‍ നിന്നുള്ള പ്രദേശിക നേതാവ് എന്നിവരാണ് ഇന്നലെ മൊഴി നല്‍കിയത്. എംഎല്‍എയെ രക്ഷിച്ചെടുക്കുന്ന തരത്തിലുള്ള മൊഴികളാണു നേതാക്കള്‍ നല്‍കിയതെന്നാണ് അറിയുന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഇത്തരമൊരു പരാതി ജില്ലാ നേതൃത്വത്തിനു നല്‍കിയിട്ടില്ലെന്നും പിന്നീട് അന്വേഷിച്ചെങ്കിലും അതേക്കുറിച്ച് പങ്കുവയ്ക്കാനാവില്ലെന്ന നിലപാടാണു യുവതി സ്വീകരിച്ചതെന്നുമാണു മൂന്നുപേരും കമ്മീഷന് മൊഴി നല്‍കിയതെന്നാണ് അറിയുന്നത്.
കഴിഞ്ഞദിവസം മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം മേഖലകളിലെ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളില്‍ നിന്നു കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. രണ്ടു പേരൊഴികെ ബാക്കിയുള്ളവര്‍ പരാതി ഗൂഢാലോചനയാണെന്നും ഇതിനു പിന്നില്‍ ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന് പങ്കുണ്ടെന്ന തരത്തിലാണു മൊഴി നല്‍കിയത്.
ഇതോടെ, പി കെ ശശി എംഎല്‍എയെ രക്ഷിച്ചെടുക്കാന്‍ അണിയറയില്‍ നീക്കം ശക്തമാണെന്ന സൂചനയാണു പുറത്തുവരുന്നത്.
പാര്‍ട്ടി കമ്മീഷന് മുന്നില്‍ ലഭിക്കുന്ന മൊഴിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ സിപിഎം ശശിക്കെതിരെ നടപടിയെടുക്കൂ. അതുകൊണ്ടു തന്നെ കമ്മീഷന് മുന്നില്‍ എംഎല്‍എയ്ക്ക് അനുകൂലമായി മൊഴിനല്‍കുന്നവരെ എത്തിക്കാനാണു ശശിപക്ഷം ശ്രമിക്കുന്നത്.

RELATED STORIES

Share it
Top