പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരം തുടങ്ങി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സമരത്തിന്റെ 10ാം ദിവസമായ ഇന്നലെ എറണാകുളം ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിലാണ് നിരാഹാരം തുടങ്ങിയത്. ഇതിനിടെ, ബിഷപ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവുന്നത് കണക്കാക്കി ഇന്നുമുതല്‍ മുഴുവന്‍ ജില്ലകളിലും സമരപ്പന്തലുയരുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും സേവ് ഒവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ബിഷപ്പിനെ അറസ്റ്റ് ചെയ്ത് സഹോദരിക്ക് നീതി ലഭ്യമാക്കും വരെ നിരാഹാര സമരം തുടരുമെന്നു കന്യാസ്ത്രീയുടെ സഹോദരി അറിയിച്ചു. ബിഷപ് ചെയ്ത തെറ്റുകള്‍ മറച്ചുപിടിച്ച് ഇപ്പോഴും സംരക്ഷിക്കുന്ന നിലപാട് കത്തോലിക്കാ സഭയുടെ നാശത്തില്‍ അവസാനിക്കും. സഭയില്‍ നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നില്ല. ഏതാനും വൈദികര്‍ പിന്തുണ പ്രഖ്യാപിച്ചെത്തിയതിനെ സ്വാഗതം ചെയ്യുന്നു. കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. പി ഗീതയും ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചു. സ്ത്രീപീഡകരെ ഉടനെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ജനാധിപത്യ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന പോരാട്ടം കൂടിയാണ് സമരമെന്ന് ഡോ. പി ഗീത പറഞ്ഞു.
അതേസമയം, ഞായറാഴ്ച നിരാഹാര സമരം തുടങ്ങിയ സമരസമിതി പ്രവര്‍ത്തക അലോഷ്യ ജോസഫിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ക്രിമിനല്‍ സ്വഭാവമുള്ളവരെ സഭ തുടക്കത്തിലെ നുള്ളിമാറ്റണമായിരുന്നുവെന്നു സമരപ്പന്തല്‍ സന്ദര്‍ശിച്ച സംവിധായകന്‍ വിനയന്‍ പറഞ്ഞു. അഡ്വ. എ ജയശങ്കര്‍, ശ്രീനാരായണ സഹോദരി ധര്‍മവേദിയെ പ്രതിനിധീകരിച്ച് അഡ്വ. വിദ്യാസാഗര്‍ തുടങ്ങിയവര്‍ വേദിയിലെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചു.
പ്രതിഷേധസൂചകമായി ഹൈക്കോടതി ജങ്ഷനില്‍ നിന്നു പിന്നോട്ട് നടന്നാണ് മൂവാറ്റുപുഴ സ്വദേശി ഷാജി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കോഴിക്കോട് എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉണര്‍ന്നിരുപ്പ് സമരവും നടന്നു. ചില പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കന്മാരും ഇന്ന് വേദിയിലെത്തുമെന്നാണ് വിവരം.

RELATED STORIES

Share it
Top