പീഡനക്കേസ് ഹാജരാകാത്ത മുഖ്യപ്രതിക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മുഖ്യപ്രതിക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വിചാരണക്ക് എത്താതിരുന്ന പരാതിക്കാരിക്ക് കോടതി നോട്ടീസും അയച്ചു.
അമ്പലത്തറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആരംഭിച്ചെങ്കിലും പരാതിക്കാരിയും ഒന്നാംപ്രതിയും ഹാജരായില്ല. രണ്ടുദിവസം നടന്ന വിചാരണയില്‍ രണ്ടാംപ്രതിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റ് സാക്ഷികളും മാത്രമാണ് ഹാജരായത്.
ഇതേ തുടര്‍ന്ന് വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പീഡനക്കേസിലെ മുഖ്യപ്രതിയായ കൃപേഷിനെതിരെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കൃപേഷ് ഗള്‍ഫിലായതിനാല്‍ വിചാരണക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബോധിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അമ്പലത്തറ പോലിസ് കൃപേഷ്, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. 2013 ആഗസ്തിലാണ് പെ ണ്‍കുട്ടി പീഡനത്തിനിരയായത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് പെണ്‍കുട്ടിയെ കൃപേഷും രമേശനും പീഡിപ്പിച്ചുവെന്നാണ് കേസ്.

RELATED STORIES

Share it
Top