പീഡനക്കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയെ പുറത്താക്കി

ചെറുവത്തൂര്‍: യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് 2008 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ വലിയപറമ്പ് പഞ്ചായത്ത് ഓഫിസിന് സമീപത്തെ രതീഷ് കുതിരുമ്മലിനെ (33) പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. അതേസമയം രതീഷിനെ സഹായിച്ച നേതാക്കളടക്കമുള്ള അഞ്ചു പേരെ താക്കീത് ചെയ്യാനും കമ്മിറ്റി യോഗം തീരുമാനിച്ചു.മാടക്കാല്‍ സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് രതീഷിനെതിരെ ചന്തേര പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തനിക്ക് 13 വയസുള്ളപ്പോള്‍ 2008 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടില്‍ വച്ചും മടക്കാലിലെ യുവതിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. രതീഷ് മാടക്കാലിലെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ യുവതി ചന്തേര പോലിസില്‍ പരാതി നല്‍കുകയായിരുന്നു.പിലിക്കോട് പടുവളത്തിലെ പാര്‍ട്ടി ഓഫിസില്‍ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമന്‍, മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം വി കോമന്‍ നമ്പ്യാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തൃക്കരിപ്പൂരിലെ പ്രധാന പാര്‍ട്ടി നേതാവിനെയും ആയിറ്റിയിലെ എസ്എഫ്‌ഐ നേതാവിനെയും കൊടക്കാട്ടെ ഡിവൈഎഫ്‌ഐ നേതാവിനെയുമടക്കം അഞ്ചു പേരെയാണ് താക്കീത് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

RELATED STORIES

Share it
Top