പീഡനം: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പൊന്നാനി: മകളെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി പരാതി. ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള പ്രായപൂര്‍ത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ്  സിപിഎം പ്രവര്‍ത്തകനെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്. തണ്ണിത്തുറയിലെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും  പാര്‍ട്ടി പ്രവര്‍ത്തകനുമായ ഷാജഹാനെ(41)യാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ നിരന്തരം ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കൃത്യം നടത്തിയിരുന്നത്. നിരന്തരം പീഡനം ഏറ്റ പെണ്‍കുട്ടി ഒടുവില്‍ ഉമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു.
നേരത്തെ തണ്ണിത്തുറയില്‍ താമസിച്ചിരുന്ന ഇയാളുടെ സ്വഭാവദൂഷ്യങ്ങള്‍ കാരണം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പാര്‍ട്ടി നേതൃത്വം മാറ്റിനിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊന്നാനിയിലേക്ക് താമസം മാറ്റി. പിന്നീട് അവിടെ നിന്നും  കറുകത്തിരുത്തിയിലേക്ക് മാറി.
രണ്ട് മാസം മുമ്പ് പരാതിപ്പെട്ടിട്ടും ഇയാളെ പിടികൂടുന്നതില്‍ പൊന്നാനി പോലിസ് അലംഭാവം കാണിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. എടപ്പാള്‍ പീഡനം പുറത്തറിയുകയും എസ്‌ഐക്കെതിരേ അച്ചടക്ക നടപടി എടുക്കുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതരായത്. വളരെ രഹസ്യമായാണ്  അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top