പീഡനം ഞെട്ടിക്കുന്നത് അടിച്ചു, പട്ടിണിക്കിട്ടു, പൊള്ളിച്ചു; അവസാനം കൊന്നു

മുസാഫര്‍പൂര്‍: സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന മുസാഫര്‍പൂരിലെ അനാഥമന്ദിരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടിവന്നതു മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍. അനാഥാലയം നടത്തിപ്പുകാരുടെ പീഡനത്തിന് ഇരയായത് 34 പെണ്‍കുട്ടികളാണ്.
സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല പ്രാവശ്യം സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തിയെങ്കിലും ഭയം കാരണം പെണ്‍കുട്ടികള്‍ ഒരിക്കല്‍ പോലും വെളിപ്പെടുത്താതിരുന്ന പീഡനസംഭവങ്ങള്‍ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സോഷ്യല്‍ സയന്‍സ് സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിലാണ് വെളിപ്പെട്ടത്. തങ്ങള്‍ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണു കുട്ടികള്‍ പറയുന്നത്. വഴങ്ങാത്തവരെ ഷൂ കൊണ്ട് അടിക്കും. പട്ടിണിക്കിടും, സിഗരറ്റു കൊണ്ട് പൊള്ളിക്കും. ഇങ്ങനെയാണു വരുതിയില്‍ നിര്‍ത്തിയിരുന്നത്. പീഡനത്തിനിരയായ കുട്ടികളിലധികവും മാനസിക പ്രശ്‌നങ്ങള്‍ക്ക് അടി—പ്പെട്ടതായി ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടിലെ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പീഡനം സഹിക്കവയ്യാതെ ഒരു പെണ്‍കുട്ടി ജനലിന്റെ ചില്ലു പൊട്ടിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
മറ്റൊരു പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചു. ബോധം പോയപ്പോള്‍ ചാക്കില്‍ കയറ്റി മുകള്‍നിലയില്‍ നിന്നു കോണിപ്പടിയിലൂടെ താഴേക്കു തള്ളിയിട്ടു. നേരം പുലര്‍ന്നപ്പോള്‍ മൃതദേഹം റിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി തെളിവുകള്‍ നശിപ്പിക്കുകയാണു ചെയ്തത്. ഇത്രയൊക്കെ പീഡനങ്ങള്‍ നടന്നിട്ടും പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരോട് ഭയം കാരണം കാര്യങ്ങള്‍ തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ക്കു കഴിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടൊപ്പമല്ലാതെ പെണ്‍കുട്ടികളെ തനിച്ചു കാണാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നുമില്ല.
ചെറുത്തുനില്‍പിന്റെ ഏറ്റവും ദയനീയമായ വിരങ്ങളാണ് കുട്ടികളില്‍ നിന്നു കേള്‍ക്കാനായതെന്നു ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടിലെ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. തന്റെ ഏക സഹോദരന്റെ പേര് കൈത്തണ്ടയില്‍ എഴുതിവച്ച് അതു വഴിയെങ്കിലും പീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു പെണ്‍കുട്ടി ശ്രമിച്ചിരുന്നു. കൂടെ ഒരാളെങ്കിലും ഉണ്ടെന്ന ആശ്വാസത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആ കുട്ടി പറഞ്ഞത്.

RELATED STORIES

Share it
Top