പീഡനം ആരോപിച്ച് നിരപരാധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

തൃക്കരിപ്പൂര്‍: പീഡന ശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയാണെന്ന് കണ്ടെത്തി. ഇതോടെ യുവാവിനെ അറസ്റ്റ് ചെയ്ത ചന്തേര പോലിസ് നടപടി വിവാദത്തിലായി. ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം പ്രദീപ് കുമാര്‍ ഹൊസ്്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിലാണ് അറസ്റ്റ് ചെയ്തത് നിരപരാധിയെയാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ നവംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവം. പിലിക്കോട് സ്വദേശിയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതി നല്‍കിയത്. ചന്തേര സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും ഓട്ടോ റിക്ഷ കയറിയ യുവതിയെ പടുവളം വില്ലേജ് ഓഫീസിന് സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ പിറകിലേക്ക് കൈയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും രക്ഷപ്പെടാനായി റിക്ഷയില്‍ നിന്നും ചാടിയപ്പോള്‍ റോഡില്‍ വീണ് ഗുരുതരമായി പരിക്കേറ്റെന്നുമായിരുന്നു കേസ്.
അന്വേഷണം നടത്തിയ ചന്തേര പോലിസ് പയ്യന്നൂര്‍ കാങ്കോല്‍ സ്വാമിമുക്ക് മൂര്യങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് ഹൗസില്‍ എ ജി ഷാനവാസി(21)നെ അറസ്റ്റ് ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. സംഭവസമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ ദന്ത ചികില്‍സക്ക് പോയിരുന്നുവെന്ന് കാണിച്ച് സഹോദരി റുബീനയും പിതാവ് ഷാജഹാനും പോലിസിനെ അറിയിച്ചെങ്കിലും ചില സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഷാനവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസമയത്ത് പരിയാരം മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടിട്ടും പോലിസ് കൂട്ടാക്കിയില്ല.
മനുഷ്യാവകാശ കമ്മീഷനും കാസര്‍കോട് എസ്പിക്കും ഉത്തരമേഖലാ ഐജിക്കും പരാതി നല്‍കിയിരുന്നു.  മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ പോലിസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ ്‌ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു.  മൂന്ന് നിരീക്ഷണ കാമറകള്‍ അന്വേഷണ സംഘം പരിശോധിക്കുകയും ആശുപത്രി രേഖകളും ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ സംഭവദിവസം ഉച്ചയ്ക്ക് മൂന്നുവരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലെ ദന്ത വിഭാഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. കാലിക്കടവിലെ നിരീക്ഷണ കാമറകളും സംഘം പരിശോധിച്ചു.  യുവാവ് കുറ്റക്കാരനല്ലെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. തുടര്‍ന്നാണ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. പോലിസ് കസ്റ്റഡിയിലുള്ള ഓട്ടോ റിക്ഷ വിട്ടുകൊടുക്കണമെന്നും റിപോര്‍ട്ടിലുണ്ട്. നിരപരാധിയായ യുവാവിനെ പീഡന കേസില്‍ പ്രതിയാക്കി ജയിലിലടച്ച ചന്തേര പോലിസ് നടപടിക്കെതിരേ വകുപ്പുതലനടപടിയുണ്ടാകുമെന്നറിയുന്നു.

RELATED STORIES

Share it
Top