പി സി തോമസ് ഇന്ന് ഉപവസിക്കും

കല്‍പ്പറ്റ: നീതി ആയോഗ് തിരഞ്ഞെടുത്ത 117 പിന്നാക്ക ജില്ലകളില്‍പ്പെട്ട വയനാടിനുള്ള കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തരുതെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസ് ഇന്നു കല്‍പ്പറ്റയില്‍ ഉപവസിക്കും. വിജയ പമ്പിന് സമീപം രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം സുരേഷ്‌ഗോപി എംപി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ആന്റോ അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഉപവാസം വൈകീട്ട് അഞ്ചിനു സമാപിക്കും. പിന്നാക്ക ജില്ലകളില്‍ ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യം, അടിസ്ഥാനസൗകര്യം, കൃഷി, ജലസേചനം എന്നീ മേഖലകളില്‍ വന്‍ പ്രൊജക്റ്റുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഉതകുന്നതാണ് കേന്ദ്ര പദ്ധതി. ഇത് ഉപയോഗപ്പെടുത്താതിരിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചാണ് ഉപവാസം.
വികസന രംഗത്ത് രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന ജില്ലകളെ 2022ഓടെ വികസിത ജില്ലകള്‍ക്കൊപ്പം എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിക്കു നേരെയാണ് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ചിരിക്കുന്നത്. രാജ്യത്ത് 111 ജില്ലകളില്‍ കഴിഞ്ഞ ജനുവരി മൂന്നിന് പദ്ധതിക്ക് തുടക്കമായി. കേരളവും പശ്ചിമബംഗാളും മാത്രമാണ് കേന്ദ്ര പദ്ധതിയുമായി നിസ്സഹകരിക്കുന്നത്. കേരളത്തില്‍ വയനാടിനെ മാത്രവും പശ്ചിമബംഗാളില്‍ അഞ്ചു ജില്ലകളെയുമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. വയനാടിന്റെ വികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്ര പദ്ധതികള്‍ നടപ്പാക്കണമെന്ന ആവശ്യത്തിന്റെ ആദ്യപടിയാണ് ഉപവാസമെന്ന് ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

RELATED STORIES

Share it
Top