പി സി ജോര്‍ജ് വാ പോയ വാക്കത്തി; സഭയിലെ കുഴപ്പക്കാര്‍ മാര്‍പാപ്പയെ പോലും അനുസരിക്കുന്നില്ല: കന്യാസ്ത്രീ

കൊച്ചി: സഭയില്‍ തെറ്റു ചെയ്യുന്ന പ്രമുഖര്‍ മാര്‍പാപ്പ പറയുന്നതുപോലും അനുസരിക്കുന്നില്ലെന്ന് കന്യാസ്ത്രീ. കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജങ്ഷനില്‍ നടന്നുവരുന്ന റിലേ സമരത്തിന് പിന്തുണയുമായെത്തിയ സിസ്റ്റര്‍ ടീനയാണ് സഭയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.അങ്ങനെ ഇവര്‍ അനുസരിച്ചിരുന്നെങ്കില്‍ ഇത്തരത്തിലൊന്നും അവര്‍ക്ക്് ചെയ്യാന്‍ തോന്നില്ലായിരുന്നു- ടീന ചൂണ്ടിക്കാട്ടി. സഭയിലെ കന്യാസ്ത്രീകള്‍ക്ക് വത്തിക്കാനുമായി നേരിട്ടു ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല. തങ്ങള്‍ നേരിടുന്ന ദുഃഖം പറയാന്‍ മാര്‍പാപ്പയുടെ അടുത്ത് ചെല്ലണമെങ്കില്‍ ഇന്ത്യന്‍ പ്രസിഡന്റിനെ കാണാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വലിയ ബുദ്ധിമുട്ടാണെന്നും സിസ്റ്റര്‍ പറഞ്ഞു. തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് താന്‍ നേരിട്ട് മാര്‍പാപ്പയ്ക്ക് കത്തയച്ചിട്ടുണ്ട്്. പക്ഷേ, മാര്‍പാപ്പയുടെ കൈയില്‍ അതെത്തില്ല. അത്തരത്തില്‍ ഒട്ടേറെ അനുഭവങ്ങളാണു തങ്ങള്‍ക്കുള്ളത്.ജലന്ധര്‍ ബിഷപ്പില്‍ നിന്നു കന്യാസ്ത്രീ—ക്കുണ്ടായ പീഡന വിഷയത്തില്‍ സഭയില്‍ നിന്നു കാര്യമായ ഇടപെടലുണ്ടാവുന്നില്ല, ഇന്ത്യയില്‍ വത്തിക്കാന്‍ സ്ഥാനപതിയുണ്ട്, നൂണ്‍ഷ്യോ. അദ്ദേഹം ഇടപെടുന്നില്ല. സിബിസിഐ ഇടപെടുന്നില്ല. കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ വിവരമില്ലാത്തവരൊന്നുമല്ല. അവര്‍ കേസ് നന്നായി അന്വേഷിച്ചിട്ടുണ്ട്്. പക്ഷേ, അതു മുന്നോട്ടു കൊണ്ടുപോവാന്‍ പറ്റാത്ത വിധത്തില്‍ മുകളില്‍ നിന്നു നല്ല രീതിയില്‍ സമ്മര്‍ദമുണ്ട്്. ഭരണനേതൃത്വത്തില്‍ നിന്നു പിന്തുണ കിട്ടുന്നില്ല. സഭ എന്തിനാണ് ഇത്തരം ബിഷപ്പുമാരെ സംരക്ഷിക്കാന്‍ നില്‍ക്കുന്നതെന്നും സിസ്റ്റര്‍ ചോദിച്ചു. പി സി ജോര്‍ജിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വാ പോയ വാക്കത്തിയെപ്പോലയെ അദ്ദേഹത്തെ കാണുന്നുള്ളു. ഒരുകാലത്ത് യുഡിഎഫിന്റെ ചീഫ്‌വിപ്പായിരുന്ന ആളാണ്. അന്ന് അദ്ദേഹം വാ തുറക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സിനു പേടിയായിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയെ ആക്ഷേപിച്ചപ്പോള്‍ അദ്ദേഹത്തിന് രാഷ്ട്രീയമായ എന്തെങ്കിലും നേട്ടമുണ്ടാവുമായിരിക്കും. സ്വന്തം നേട്ടത്തിനായി ഒരുപാടു പേര്‍ പ്രതികരിക്കാറുണ്ട്. ആരുടെ കൈയടി കിട്ടാനാണ്, എന്തു രാഷ്ട്രീയ മുതലെടുപ്പിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് തങ്ങള്‍ക്ക് അറിഞ്ഞുകൂട. അദ്ദേഹം പറഞ്ഞോട്ടെയെന്നും അതിന്റെ പേരില്‍ തങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

RELATED STORIES

Share it
Top