പി സി ജോര്‍ജ് എംഎല്‍എക്ക് എതിരേ കന്യാസ്ത്രീയുടെ സഹോദരങ്ങള്‍ പരാതി നല്‍കി

കാലടി: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാല്‍സംഗക്കേസ് അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും പി സി ജോര്‍ജ് എംഎല്‍എ ശ്രമിക്കുന്നതായി ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരങ്ങള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് കാലടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഇവര്‍ രേഖാമൂലം പരാതിനല്‍കി. ഇവരുടെ ബന്ധുകൂടിയായ കാലടിയിലെ സ്റ്റുഡിയോ ഉടമയെ പി സി ജോര്‍ജ് ഫോണില്‍ വിളിക്കുകയും കന്യാസ്ത്രീയുടെ സഹോദര കുടുംബവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
എന്നാല്‍ തനിക്കിത് നല്‍കാനാവില്ലെന്ന് പറഞ്ഞ സ്റ്റുഡിയോ ഉടമയെ വിളിച്ചുവരുത്തുകയും ബന്ധപ്പെട്ട ഫോട്ടോകള്‍, പെന്‍ഡ്രൈവ്, സിഡി എന്നിവ കൈക്കലാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പി സി ജോര്‍ജ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചത് തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട രേഖകളാണെന്നും കേസിന്റെ നടപടിക്രമങ്ങള്‍ക്കനുസരിച്ച് ബന്ധപ്പെട്ട രേഖകളും ഫോട്ടോസുമുള്‍പ്പെടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ കൈമാറിയിട്ടുള്ളതാണെന്നും സഹോദരങ്ങള്‍ വിശദമാക്കി.
കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യകുര്‍ബാന സ്വീകരണവുമായി ബന്ധപ്പെട്ട ചടങ്ങിന്റേതായിരുന്നു ഫോട്ടോകളും മറ്റും. ഈ ചടങ്ങിന്റെ തലേദിവസമാണ് ആദ്യമായി കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ പീഡനത്തിനിരയാക്കിയതെന്നും പറയുന്നു. ഇതിനെല്ലാം വ്യക്തമായ തെളിവുകള്‍ ഉണ്ട്്. വ്യാജ വാര്‍ത്തയുണ്ടാക്കി തങ്ങളെ തേജോവധം ചെയ്യുന്ന ജോര്‍ജിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കുമെന്ന് ഇവര്‍ പറഞ്ഞു.

RELATED STORIES

Share it
Top