പി സി ജോര്‍ജും പാലാ സഹായ മെത്രാനും ബിഷപ്പിനെ ജയിലില്‍ സന്ദര്‍ശിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പി സി ജോര്‍ജ് എംഎല്‍എയും പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും സന്ദര്‍ശിച്ചു. രാവിലെ 11 മണിയോടെയാണ് പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും രൂപതാ വക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേലും ബിഷപ്പിനെ സന്ദര്‍ശിച്ചത്. 15 മിനിറ്റോളം വൈദികര്‍ കൂടിക്കാഴ്ച നടത്തി.
ഇന്നലെ വൈകീട്ട് 4.10ഓടെയാണ് പി സി ജോര്‍ജ് ബിഷപ്പിനെ സന്ദര്‍ശിച്ചത്. ബിഷപ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കെ ജയചന്ദ്രനും ഈ സമയം ജയിലിനു മുന്നിലെത്തിയിരുന്നു. 5 മണിയോടെ പുറത്തേക്കു വന്ന പി സി ജോര്‍ജുമായി അഭിഭാഷകന്‍ സംസാരിച്ച ശേഷമാണ് പിരിഞ്ഞത്. നിരപരാധിയായ വൈദികനെയാണ് ജയിലില്‍ അടച്ചിരിക്കുന്നതെന്ന് നൂറു ശതമാനം ബോധ്യമുള്ളതിനാലാണ് അദ്ദേഹത്തെ കാണാന്‍ വന്നതെന്ന് പി സി ജോര്‍ജ് എം എല്‍എ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കം മുതല്‍ ബിഷപ്പിനെ ന്യായീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അദ്ദേഹം ആക്രോശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആളെ പിടിച്ച് ജയിലില്‍ അടയ്ക്കണമെന്നേയുള്ളൂ. ജാമ്യം കിട്ടിയില്ലെങ്കില്‍ ഇനിയും വരും. തനിക്ക് ഇക്കാര്യത്തില്‍ ആരെയും പേടിയില്ല. കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസം തിരുവനന്തപുരത്ത് വെളിപ്പെടുത്തുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ബിഷപ് ഫ്രാങ്കോക്ക് ഇന്നലെ മൂന്ന് സന്ദര്‍ശകരാണുണ്ടായിരുന്നത്. ഇതില്‍ വൈദികരെയും പി സി ജോര്‍ജിനെയും മാത്രമാണ് ബിഷപ് കാണാന്‍ അനുവദിച്ചത്.
അതിനിടെ, കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എക്കെതിരേ പരാതിക്കാരിയായ കന്യാസ്ത്രീ കോട്ടയം എസ്പി എസ് ഹരിശങ്കറിന് പരാതി നല്‍കി. ഇതില്‍ അന്വേഷണം നടത്തുന്നതിന് പരാതി വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് കൈമാറി.

RELATED STORIES

Share it
Top