പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശംപോലിസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ പി സി ജോര്‍ജ് എംഎല്‍എ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പോലിസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. പീഡനക്കേസിന്റെ അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് മഠത്തിലെത്തിയെ—ങ്കിലും പോലിസിനെ കാണാന്‍ കന്യാസ്ത്രീ തയ്യാറായില്ല. ഇതേത്തുടര്‍ന്നു മൊഴിയെടുക്കാതെ അന്വേഷണസംഘം മടങ്ങി.
കന്യാസ്ത്രീക്കു പരാതിയുണ്ടെങ്കില്‍ പി സി ജോര്‍ജിനെതിരേ കേസെടുക്കാമെന്നായിരുന്നു പോലിസിനു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണു മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. കന്യാസ്ത്രീ പരാതി നല്‍കാതെ പി സി ജോര്‍ജിനെതിരേ കേസെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി കോട്ടയം എസ്പി ഡിജിപിക്ക് റിപോര്‍ട്ടും നല്‍കി.
ശനിയാഴ്ച കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണു പി സി ജോര്‍ജ് പീഡനത്തിനിരയായ കന്യാസ്ത്രീയെ രൂക്ഷമായ ഭാഷയില്‍ അവഹേളിച്ചത്. തിങ്കളാഴ്ച ഈരാറ്റുപേട്ടയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കന്യാസ്ത്രീക്കെതിരായ ആക്ഷേപം ആവര്‍ത്തിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി. തുടര്‍ന്നാണു വിഷയത്തില്‍ ദേശീയ വനിതാ മ്മീഷന്‍ ഇടപെട്ടത്. പി സി ജോര്‍ജിനോട് നേരിട്ട് ഹാജരായി വിവാദ പ്രസ്താവനയില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നിര്‍ദേശം. എന്നാല്‍, കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ യാത്രാബത്ത വേണമെന്നായിരുന്നു ജോര്‍ജിന്റെ ആവശ്യം. പി സി ജോര്‍ജ് ശമ്പളം വാങ്ങുന്നില്ലെന്നും മറ്റു വരുമാനമാര്‍ഗങ്ങളില്ലെന്നും രേഖാമൂലം അറിയിച്ചാല്‍ യാത്രാബത്ത നല്‍കാമെന്നായിരുന്നു ഇതിനുള്ള കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തു നിന്ന് എത്തുന്ന മുറയ്ക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ നടത്തിയ ആരോപണത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

RELATED STORIES

Share it
Top