പി സി ജോര്‍ജിനെതിരേ ക്രിമിനല്‍ക്കേസെടുക്കണം: എന്‍ഡബ്ല്യുഎഫ്‌

കോഴിക്കോട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെക്കുറിച്ച് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ പ്രസ്താവന നടത്തിയ പി സി ജോര്‍ജ് എംഎല്‍എക്കെതിരേ ക്രിമിനല്‍ക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ.നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും ജലന്ധര്‍ ബിഷപ് ഫ്രാങ്കോയെ വെള്ളപൂശി പരാതിക്കാരിയെയും അവര്‍ക്കു പിന്തുണ നല്‍കുന്നവരെയും അപമാനിക്കുന്നതാണ് പി സി ജോര്‍ജിന്റെ പ്രസ്താവന. സ്ത്രീത്വത്തെ തന്നെ അപമാനിച്ച പി സി ജോര്‍ജിന് ജനപ്രതിനിധിയായിരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. കുറ്റവാളികളെ ന്യായീകരിക്കുകയും ഇരയെ അപമാനിക്കുകയും ചെയ്തതിലൂടെ പീഡനത്തിന് സമാനമായ കുറ്റം തന്നെയാണ് ജോര്‍ജും ചെയ്തിരിക്കുന്നത്. പരാതിയില്‍ നടപടി സ്വീകരിക്കാത്തതിന്റെ ഫലമായാണ് കന്യാസ്ത്രീകള്‍ക്ക് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങേണ്ടിവന്നത്. സ്ത്രീസുരക്ഷ തങ്ങളുടെ പ്രധാന കര്‍മപരിപാടിയായി ആഘോഷിക്കുന്ന കേരള സര്‍ക്കാര്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നത് അംഗീകരിക്കാനാവില്ല. പരാതിയില്‍ നടപടിയെടുക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിക്കണം. മതാചാരത്തിന്റെ മറവില്‍ പൗരോഹിത്യം സ്ത്രീകള്‍ക്കു നേരെ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ചും കുറ്റവാളിയായ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നടക്കുന്ന സമരത്തിന് എല്‍ നസീമ പിന്തുണ അറിയിച്ചു.

RELATED STORIES

Share it
Top