പി ശശിയുടെ സഹോദരന്‍ അറസ്റ്റില്‍

കോഴിക്കോട്: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ സഹോദരന്‍ അറസ്റ്റില്‍. ഇദ്ദേഹത്തെ ഇന്നു കോടതിയില്‍ ഹാജരാക്കും. ആശ്രിതനിയമനത്തിന്റെ പേരിലും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്തും ഫറോക്ക് സ്വദേശികളായ രണ്ടു സ്ത്രീകളില്‍ നിന്നും, കോഴിക്കോട് ഒളവണ്ണ സ്വദേശികളായ രണ്ടു യുവാക്കളില്‍ നിന്നും സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി.
ആദ്യം പരാതി സ്വീകരിക്കാന്‍ വൈമുഖ്യം കാട്ടിയ പോലിസ്, മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരു പറഞ്ഞാണ് ഇയാള്‍ പലയിടങ്ങളിലായി തട്ടിപ്പു നടത്തിയത്. പഞ്ചായത്ത് ഡിപാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാം എന്നു പറഞ്ഞാണു ഫറോക്ക് സ്വദേശിയായ യുവതിയില്‍ നിന്നു പണം തട്ടിയത്. രണ്ടര ലക്ഷം രൂപ പലതവണയായി സതീശന്‍ കൈപ്പറ്റിയിരുന്നതായി ഇവര്‍ പറയുന്നു. കൂടാതെ ഇവരുടെ ബന്ധുക്കളായ ഒളവണ്ണ സ്വദേശി അക്ഷയുടെ കൈയില്‍ നിന്നും മാത്തോട്ടം സ്വദേശി സുജിത്തിന്റെ കൈയില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പേരു പറഞ്ഞായിരുന്നു തട്ടിപ്പെന്നു പരാതിക്കാരായ സുജിത്ത്, അക്ഷയ് എന്നിവര്‍ പറഞ്ഞു.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്ലാനിങ് എന്‍ജിനീയര്‍, ഓഫിസ് സ്റ്റാഫ് എന്നീ ജോലികളായിരുന്നു ഇവര്‍ക്കു വാഗ്ദാനം ചെയ്തത്. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു പണം കൈപ്പറ്റിയിരുന്നത്. മുഖ്യമന്ത്രിയുടെ നാടായ പിണറായിക്കാരനാണെന്നും അദ്ദേഹത്തിന്റെ 13 പിഎമാരില്‍ ഒരാളാണെന്നും പറഞ്ഞാണു തട്ടിപ്പു നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു. വിശ്വാസ്യതയ്ക്കായി രണ്ടു ലക്ഷത്തിന്റെ ചെക്ക് നല്‍കി. പണം കൈപ്പറ്റിയ ശേഷം അതേക്കുറിച്ചു മറ്റു വിവരങ്ങളൊന്നും ലഭിക്കാത്ത ഘട്ടത്തില്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. സമാനമായ രീതിയില്‍ മറ്റു ജില്ലകളിലും സാമ്പത്തിക തട്ടിപ്പു നടത്തിയ പരാതികളും ലഭിച്ചിട്ടുണ്ട്.
എന്‍ജിനീയറിങ് കഴിഞ്ഞു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി വാങ്ങിത്തരാം എന്നു പറഞ്ഞ് ഇയാള്‍ പണം തട്ടിയടുത്തതായും ആരോപണമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപ വീതം അപേക്ഷകരില്‍ നിന്നു വാങ്ങി. പണം വാങ്ങിയവര്‍ വിളിക്കുമ്പോള്‍ ജോലി ഉറപ്പാണെന്നും പേരിന് അഭിമുഖത്തില്‍ പങ്കെടുത്താല്‍ മതിയെന്നും മറുപടി നല്‍കുകയായിരുന്നു. പറഞ്ഞ സമയ പരിധി കഴിഞ്ഞതോടെ സതീശിനെ നേരിട്ടു കാണാന്‍ എത്തിയവരുടെ മുന്നില്‍ നിന്നും സിപിഎം നേതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചുവെന്നും പരാതിക്കാര്‍ പറഞ്ഞു.
സ്‌കില്‍ ഡെവലപ്‌മെന്റിന് കീഴിലുള്ള സീ സ്‌റ്റെഡില്‍ സ്ഥിരംനിയമനം വാഗ്ദാനം ചെയ്ത് 20ലേറെ പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയതായും പരാതിയുണ്ട്. തട്ടിപ്പിനിരയായ ഫറോക്ക് സ്വദേശിനി പരാതിയുമായി കസബ പോലിസ്് സ്‌റ്റേഷനെ സമീപിച്ചപ്പോള്‍ പരാതി സ്വീകരിക്കാതെ എസ്‌ഐ സ്‌റ്റേഷന്‍ വിടുകയായിരുന്നുവെന്നു പരാതിക്കാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ പരാതിയുമായി ചിലര്‍ രംഗത്തു വന്നപ്പോള്‍ ഇയാളുടെ രാഷ്ട്രീയബന്ധത്തിന്റെ പേരില്‍ ഇവ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. എന്നാല്‍ സഹോദരനുമായി 20 വര്‍ഷമായി ബന്ധമൊന്നുമില്ലെന്നാണു സതീശന്റെ വാദം. കസ്റ്റഡിയിലെടുത്ത സതീശനെതിരേ കസബ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top