പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് വീണ്ടും വിവാദത്തില്‍

പി എസ് അസൈനാര്‍

മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് സംബന്ധിച്ച് വീണ്ടും വിവാദമുയരുന്നു.
പാര്‍ക്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 16ന് കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ പാര്‍ക്ക് അധികൃതര്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പാര്‍ക്കിനു സമീപം ഉരുള്‍പൊട്ടലിനു സമാനമായ തരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നും ജില്ലയിലെ പ്രകൃതിദുരന്തങ്ങളുടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന പരാതികള്‍ തള്ളി നേരത്തേ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പാര്‍ക്കിന് 30 മീറ്റര്‍ അകലെ വന്‍തോതില്‍ മണ്ണിടിഞ്ഞതോടെയാണ്, അധികൃതര്‍ മുന്‍ നിലപാട് തിരുത്തിയത്. പാര്‍ക്കില്‍ വിനോദത്തിനായി നിര്‍മിച്ച കൃത്രിമ കുളങ്ങളിലെ വെള്ളം തുറന്നുവിടണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയതായി വാര്‍ത്തകള്‍ വന്നതാണ് പുതിയ വിവാദത്തിനു കാരണം. ഇന്നലെ വൈകുന്നേരത്തിനകം വെള്ളം ഒഴിവാക്കണമെന്നു നിര്‍ദേശം നല്‍കിയെന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, വാര്‍ത്ത പുറത്തുവന്നയുടനെ പഞ്ചായത്തധികൃതര്‍ നിഷേധിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 16ന് നല്‍കിയ നോട്ടീസിനു പുറമെ പുതിയ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതുപ്രകാരം പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായും ജലസംഭരണികളിലെ ഉയര്‍ന്ന ജലവിതാനം ഒഴിവാക്കിയതായും അന്വേഷണത്തില്‍ ബോധ്യമായതായി അവര്‍ പറഞ്ഞു. കൃത്രിമ കുളങ്ങളിലെ വെള്ളം ഒഴിവാക്കാനാവശ്യപ്പെട്ട് അറിയിപ്പുകളോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുളങ്ങളിലെ വെള്ളത്തിന്റെ അളവ് സ്വമേധയാ കുറച്ചതാണെന്നും പാര്‍ക്കധികൃതരും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാര്‍ക്കിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ കൂടരഞ്ഞി പഞ്ചായത്ത് അധികൃതര്‍ നിസ്സാരവല്‍ക്കരിച്ചതും സംഭവത്തിന്റെ ഗൗരവം കലക്ടറില്‍ നിന്നു മറച്ചുവച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.  ഇതിനു പുറമെയാണ് കൃത്രിമ കുളങ്ങളിലെ വെള്ളം ഒഴിവാക്കുന്നത് സംബന്ധിച്ചു പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

RELATED STORIES

Share it
Top