പി പി ലക്ഷ്മണന്റെ നിര്യാണത്തില്‍ അനുശോചനം

കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ എക്‌സിക്യുട്ടീവ് പ്രസിഡന്റുമായ പി പി ലക്ഷ്മണന്റെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. പൊതുപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മണന്റെ വേര്‍പാട് കനത്ത നഷ്ടമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. അടിയുറച്ച കോണ്‍ഗ്രസുകാരന്‍ ആയിരുന്നെങ്കിലും സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഹകരിക്കാന്‍ അദ്ദേഹം സന്നദ്ധനായി.
മുഖ്യമന്ത്രിക്കെതിരായ ആര്‍എസ്എസ് ഭീഷണിക്കെതിരേ പരസ്യമായി പ്രതിഷേധിച്ച വ്യക്തികൂടിയായിരുന്നു ലക്ഷ്മണനെന്നും അദ്ദേഹം പ്രസ്താവിച്ചു. ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഉജ്ജ്വല സംഘാടക മികവിനാല്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് പി പി ലക്ഷ്മണനെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചനേി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. കര്‍മരംഗത്ത് ആര്‍ജവവും ഇച്ഛാശക്തിയും ധിഷണാ പാടവവും പ്രകടിപ്പിച്ചതായും പാച്ചേനി അനുസ്മരിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിനെ ഉയര്‍ച്ചയുടെ പടവുകളിലെത്തിക്കാന്‍ അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് പി പി ലക്ഷ്മണനെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് പറഞ്ഞു.
പി പി ലക്ഷ്മണന്റെ നിര്യാണത്തില്‍ ഐപ്‌സോ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് അഡ്വ. സി ഒ ടി ഉമര്‍ അധ്യക്ഷനായി.
ഇസ്‌കഫ് സംസ്ഥാന രക്ഷാധികാരിയായിരുന്ന പി പി ലക്ഷ്മണന്റെ നിര്യാണത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി കെ ഗംഗാധരന്‍ നായര്‍, സെക്രട്ടറി കണ്ണാടിയന്‍ ഭാസ്‌കരന്‍ അനുശോചിച്ചു. സി അച്യുത മേനോന്‍ ഫൗണ്ടേഷന്‍ അനുശോചന യോഗം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി എന്‍ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി മുന്‍ വൈസ് ചെയര്‍മാന്‍ പി പി ലക്ഷ്മണന്റെ നിര്യാണത്തില്‍ ജവഹര്‍ ലൈബ്രറി ഭരണസമിതി യോഗം അനുശോചിച്ചു. വൈസ് ചെയര്‍മാന്‍ ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top