പി ജയരാജന് വധഭീഷണി: രഹസ്യാന്വേഷണ റിപോര്‍ട്ടില്‍ അവ്യക്തത

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ അപായപ്പെടുത്താന്‍ ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയെന്ന പോലിസ് റിപോര്‍ട്ടിനെച്ചൊല്ലി വിവാദം മുറുകുന്നു. പിണറായി പുത്തന്‍കണ്ടത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രനൂപിന്റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ രൂപീകരിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചെന്നാണ് റിപോട്ടില്‍ പറയുന്നത്. ഇതുപ്രകാരം എല്ലാ സ്‌റ്റേഷനുകളിലേക്കും ജില്ലാ പോലിസ് മേധാവി മുഖേന അടിയന്തര സന്ദേശം നല്‍കുകയും ജയരാജന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. സംഘപരിവാര സംഘടനകളില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന രീതിയിലാണു റിപോര്‍ട്ട്. എന്നാല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത്തരത്തിലൊരു റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അടുത്ത മൂന്നുമാസത്തിനകം ജില്ലയില്‍ കാര്യമായ ചില ആക്രമണങ്ങള്‍ക്ക് ആര്‍എസ്എസ് ശ്രമിച്ചേക്കാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഒടുവില്‍ നല്‍കിയ റിപോര്‍ട്ടിലെ ഉള്ളടക്കം. എന്നാല്‍, ശുഹൈബ് വധം, കീഴാറ്റൂര്‍ സമരം തുടങ്ങിയവ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പി ജയരാജന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയും ഉണ്ടായിരുന്നു. എന്നാല്‍, പുതിയ റിപോര്‍ട്ട് സംബന്ധിച്ച അവ്യക്തത നീക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല.
അടുത്തിടെ തുടങ്ങിയ സ്വകാര്യ ചാനലാണ് രഹസ്യാന്വേഷണ റിപോര്‍ട്ട് സംബന്ധിച്ച് ആദ്യം വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് പാര്‍ട്ടി ചാനല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു.
പോലിസിന്റെ അടിയന്തര മുന്നറിയിപ്പ് എന്ന പേരില്‍ കംപ്യൂട്ടര്‍ ഡസ്‌ക് ടോപ്പില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ട് രൂപത്തിലാണ് റിപോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. സിപിഎം മുഖപത്രവും ഇതു പ്രധാനവാര്‍ത്തയാക്കി. അതേസമയം, അതീവ രഹസ്യമായി തയ്യാറാക്കിയ റിപോര്‍ട്ട് ചോര്‍ന്നത് ആഭ്യന്തരവകുപ്പ് ഗൗരവത്തോടെയാണു കാണുന്നത്. ഇക്കാര്യം പോലിസ് പരിശോധിച്ചുവരുകയാണ്. എന്നാല്‍, ജയരാജനെതിരായ വധഭീഷണി വാര്‍ത്ത സിപിഎമ്മും പോലിസും ചേര്‍ന്നു കെട്ടിച്ചമച്ചതാണെന്നാണ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും ആരോപണം. ഇതേക്കുറിച്ച് സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, പി ജയരാജനെതിരായ ക്വട്ടേഷന്‍ കഥ പച്ചക്കള്ളമാണെന്ന് ആരോപണവിധയനായ പുത്തന്‍കണ്ടം പ്രനൂപ് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഗൂഢതന്ത്രമാണ് ഇതിനുപിന്നില്‍. ആര്‍എസ്എസ്-ബിജെപി നേതൃത്വം ഉള്‍പ്പെട്ടു എന്നുപറയുന്നതും കള്ളമാണ്. തന്നെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും പരിചയപ്പെടുത്തുക, പൂര്‍ണമായിട്ടും നാടുകടത്തുക തുടങ്ങിയ ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്റലിജന്‍സ് റിപോര്‍ട്ട് തയ്യാറാക്കിയത്. രണ്ടുതവണ തന്നെ കള്ളക്കേസില്‍ കുടുക്കി. തനിക്കെതിരായ ആരോപണത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പ്രനൂപ് പറഞ്ഞു.

RELATED STORIES

Share it
Top