പി ജയരാജനു വധഭീഷണി: പോലിസ് തിരക്കഥയെന്ന് ഡിസിസി

കണ്ണൂര്‍: ജില്ലയില്‍ കൊലപാതക രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്ന സിപിഎം ജില്ലാ നേതൃത്വം പൊതു സമൂഹത്തിന്റെ മുന്നില്‍ തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറിക്കെതിരെ വധഭീഷണിയെന്ന തിരക്കഥ സൃഷ്ടിച്ച് മുഖം മിനുക്കാന്‍ പറ്റുമോ എന്ന പാഴ്ശ്രമത്തിന് പോലിസ് കൂട്ടുനില്‍ക്കുന്നത് പരിഹാസ്യമാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
ജില്ലയിലെ പോലിസ്  സ്‌പെഷ്യല്‍ ബ്രാഞ്ച് സിപിഎം പോഷക സംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം അജണ്ടയുടെ ഇരയായി പോലിസ് രഹസ്യാന്വേഷണ വിഭാഗം തരം താഴുന്നത് സേനയുടെ വിശ്വാസ്യതയെപ്പോലും സംശയത്തിന്റെ നിഴലിലെത്തിക്കും. ശുഹൈബ് വധത്തിന്റെ അന്വേഷണത്തില്‍ പോലിസ് റെയ്ഡുകള്‍ ചോര്‍ത്തിയതും സിപിഎം നേതാക്കള്‍ക്കെതിരേ അന്വേഷിക്കാന്‍ ആത്മാര്‍ഥമായി സഹകരിക്കാത്തതിനാല്‍ എസ്പിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിനെ പിരിച്ചുവിടേണ്ട സാഹചര്യവും ഉണ്ടായതും ആരും മറന്നിട്ടില്ല.
പോലിസ് സേനയ്ക്കു ശമ്പളം തരുന്നത് സിപിഎം ജില്ലാ നേതൃത്വമല്ലെന്ന് ഇത്തരം തരം താണ രാഷ്ട്രീയ അജണ്ടയ്ക്കു കൂട്ടുനില്‍ക്കുന്ന പോലിസ് സേനാംഗങ്ങള്‍ ഓര്‍ക്കണം. ബോംബ് നിര്‍മാണവും ആയുധശേഖരണവും കൊലയാളി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒന്നും കണ്ടെത്താന്‍ പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ചിനോ ഇന്റലിജന്‍സിനോ കഴിയുന്നില്ല.
എടയന്നൂരിലെ സ്‌കൂളില്‍ തുടങ്ങിയ ചെറിയ സംഘര്‍ഷങ്ങളില്‍ തുടങ്ങി ശുഹൈബിന്റെ കൊലപാതകത്തില്‍ വരെ എത്തിയ സംഭവങ്ങള്‍ സിപിഎം ആസൂത്രണത്തില്‍ അരങ്ങേറിയപ്പോള്‍ അതൊന്നും പോലിസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ജില്ലാ പോലിസ് ചീഫിന്റെ നിസ്സഹായതയും ജനം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top