പി ജയരാജനുമായി സുരേഷ് കീഴാറ്റൂര്‍ ചര്‍ച്ച നടത്തി; വയല്‍ക്കിളി ലോങ് മാര്‍ച്ച് വീണ്ടും അനിശ്ചിതത്വത്തില്‍

കണ്ണൂര്‍: വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ച് വീണ്ടും അനിശ്ചിതത്വത്തില്‍.
ലോങ് മാര്‍ച്ചിന്റെ തിയ്യതി പ്രഖ്യാപിച്ച തലേന്നാള്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനുമായി വയല്‍ക്കിളി കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ രഹസ്യ ചര്‍ച്ച നടത്തി. ഇതോടെ വയല്‍ക്കിളികളെ പിന്തുണയ്ക്കുന്ന കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതിയില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടു.
ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഈ മാസം അഞ്ചിനാണ് കണ്ണൂരില്‍ നടന്നത്. വിവിധ ജില്ലകളില്‍നിന്നുള്ള പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ വിപുലമായ സംഘാടകസമിതി രൂപീകരിക്കുകയുണ്ടായി. എന്നാല്‍ നാലിന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തിലെത്തി പി ജയരാജനുമായി രഹസ്യ ചര്‍ച്ച നടത്തുകയായിരുന്നു.
പിന്നാലെ കണ്‍വന്‍ഷന്‍ നടന്ന ദിവസം രാവിലെ വാര്‍ത്താസമ്മേളനം വിളിച്ച് പി ജയരാജന്‍ വയല്‍ക്കിളികളെ അനുകൂലിച്ച് സംസാരിക്കുകയും സമരത്തെ പിന്തുണയ്ക്കുന്ന സംഘടനകളെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പരിസ്ഥിതി-പൗരാവകാശ സംഘടനകളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് രൂപീകരിച്ച ഐക്യദാര്‍ഢ്യ സമിതിയെ ചൊടിപ്പിച്ചത്.
പിന്നാലെ ലോങ് മാര്‍ച്ചിന്റെ തിയ്യതി പ്രഖ്യാപിക്കുന്നത് ആഗസ്തിലേക്കു മാറ്റുകയായിരുന്നു. ബൈപാസിനെതിരായ മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി വിഷുവിന് ശേഷം കീഴാറ്റൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്നാണ് വയല്‍ക്കിളികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ചര്‍ച്ച നടത്തിയതായി പി ജയരാജനും സുരേഷ് കീഴാറ്റൂരും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബൈപാസിനായി വയല്‍ നികത്തരുതെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top