പി കെ ശശി എംഎല്‍എയ്‌ക്കെതിരേ വ്യാപക പ്രതിഷേധം

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാനേതാവിനു നേരെ ലൈംഗികമായി അതിക്രം കാണിച്ചുവെന്ന ആരോപണത്തിന് വിധേയനായപി കെ ശശി എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. അദ്ദേഹത്തിന്റെ മണ്ഡലമായ ഷൊര്‍ണ്ണൂരില്‍ വ്യാപകപ്രതിഷേധവും എംഎല്‍എ ഓഫിസ് മാര്‍ച്ചും നടന്നു. യൂത്ത് ലീഗ്, യൂത്ത് കോ ണ്‍ഗ്രസ്, എസ്ഡിപിഐ, ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐയും, യൂത്ത് ലീഗും ബിജെപിയും, യൂത്ത് കോണ്‍ഗ്രസും ചെര്‍പ്പുളശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പന്നിയംകുര്‍ശ്ശി റോഡില്‍ മാര്‍ച്ചുകള്‍ പോലിസ് തടഞ്ഞു. എംഎല്‍എ രാജിവയ് ക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസങ്ങളില്‍ യുഡിഎഫ് വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് വക്താവ് അറിയിച്ചു. പീഡന പരാതി ഒതുക്കാന്‍ തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കുന്നുണ്ട്. സിപിഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎല്‍എ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞതായാണ് വിവരം. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. എംഎല്‍എയ്ക്ക് എതിരെ ആഗസ്ത് 14നു യുവതി ബൃന്ദാ കാരാട്ടിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെ തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി ഇമെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണു സിപിഎം സംസ്ഥാന സെക്രട്ടറിക്കു കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. അതിനിടെ മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ എംഎല്‍എ തികഞ്ഞ പരാജയമായിരുന്നുവെന്നും ഇപ്പോള്‍ ആരോപണമുയര്‍ന്നു. എല്‍ഡിഎഫിന്റെ മറ്റു മണ്ഡലങ്ങളിലടക്കം വേണ്ട പ്രവൃത്തി നടക്കുമ്പോള്‍ ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എ ഇടപെട്ട് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണമുയരുന്നത്. എംഎല്‍എക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷൊര്‍ണൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് പ്രതിഷേധ പ്രകടനം നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും എംഎല്‍എക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

RELATED STORIES

Share it
Top